'മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അധ്യാപക നിയമനത്തിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

തൃശ്ശൂര്‍: ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭയ്ക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജെ ബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണ്. 288 ശുപാര്‍ശകള്‍ ഈ കമ്മിഷന്‍ നല്‍കി. റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതും ശുപാര്‍ശകള്‍ നടപ്പാക്കാത്തതും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ്. നിയമ നിര്‍മ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് ആവശ്യകതയാണ്. മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിലും മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിലപാട് വ്യക്തമാക്കി.

16000 അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും തങ്ങള്‍ പാലിച്ചു. മറ്റ് ചില സമുദായങ്ങള്‍ക്ക് കോടതി വിധി നടപ്പിലാക്കി കൊടുത്തത് ഏത് തരം സമീപനമാണ്?. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അധ്യാപക നിയമനത്തിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Content Highlights: 'Those who persecute us on charges of religious conversion will face far-reaching consequences'

To advertise here,contact us