കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ, അത് ആഘോഷത്തിന്റെ ഭാഗം; ഗണഗീത വിവാദത്തിൽ സുരേഷ് ഗോപി

'കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്'

തൃശൂര്‍: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദമൊന്നും മൈന്‍ഡ് ചെയ്യേണ്ടതേ ഇല്ല. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

'തൃശ്ശൂരിലെ മോഡേണ്‍ കോളനി, പാടൂക്കാട് കോളനി എന്നിവിടങ്ങളില്‍ പോയി. ഈ രണ്ട് കോളനികളില്‍ നിന്നും എനിക്ക് ഹൃദയം തകരുന്ന വിവര ശേഖരണമാണ് ലഭിച്ചത്. വളരെ അപകടകരമായ ചില കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി അവർ പടുകുഴിയിലാണ് വാഴുന്നത്. മറ്റു വിഷയങ്ങളില്‍ കുത്തിത്തിരിപ്പുണ്ടാക്കാതെ ഇവിടെ മാറിമാറി ഭരിക്കുന്നവരവിടെ വരൂ, അവര്‍ക്ക് നന്മ നല്‍കിക്കൊണ്ട് നമുക്ക് അതാഘോഷിക്കാം', അദ്ദേഹം പറഞ്ഞു.

പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു.  'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വെെകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Suresh Gopi reacts on students sung rss ganagita in vande bharat

To advertise here,contact us