ന്യൂഡല്ഹി: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില് വിദ്യാര്ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തില് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കുട്ടികള്ക്ക് ഒന്നും അറിയില്ലെന്നും കുട്ടികള് നിരപരാധികളാണെന്നും മന്ത്രി പറഞ്ഞു. ആര്എസ്എസിന് വര്ഗീയ അജണ്ടയുണ്ടെന്നും മന്ത്രി പറഞ്ഞു. സര്ക്കാര് പരിപാടിക്ക് ഒരു പ്രോട്ടോക്കോള് ഉണ്ടെന്നും രാഷ്ട്രീയ പാര്ട്ടികളുടെ പാട്ടുകള് പാടിക്കാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
'സാമാന്യ മര്യാദ കാണിച്ചില്ല. അഹങ്കാരത്തിന്റെ സ്വരമാണിത്. സാധാരണ പ്രസിഡന്റ് അടക്കം വരുമ്പോള് ദേശീയ ഗാനം പാടാറുണ്ട്. ഇത് പെട്ടെന്ന് കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്കൂള് ആയാലും മതേതരത്വത്തെ വെല്ലുവിളിക്കാന് അനുവദിക്കില്ല. സ്കൂളിന് എന്ഒസി കൊടുക്കുമ്പോള് ചില നിബന്ധന വെക്കാറുണ്ട്. അത് ലംഘിച്ചാല് എന്ഒസി പിന്വലിക്കാം എന്ന് നിയമത്തില് ഉണ്ട്', മന്ത്രി ശിവന്കുട്ടി പറഞ്ഞു.
കുട്ടികളെ കൊണ്ട് റിഹേഴ്സല് നടത്തിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നാളെ കാണുമെന്നും ആര്എസ്എസ് ഗീതം ആലപിച്ചത് ശരിയായില്ല എന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ എഴുതി അറിയിക്കുമെന്നും ശിവന്കുട്ടി വ്യക്തമാക്കി. സര്ക്കാരിന്റെ ഔദ്യോഗിക പരിപാടിയില് ഏതെങ്കിലും സംഘടനയുടെ ഗാനം ആലപിക്കുന്നത് ശരിയാണോയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും ചോദിച്ചു.
കാവിവത്കരണം ഒളിച്ചു കടത്തുകയാണെന്നും വിദ്യാര്ത്ഥികളെ കൊണ്ട് പഠിക്കുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ മര്യാദയുടെ ലംഘനമാണ് അവിടെ നടന്നത്. സര്ക്കാര് വേദികള് ആര്എസ്എസിന്റെ ഗണഗീതം പാടാനുള്ള വേദിയല്ല. സ്കൂള് അധികാരികളും സംഘാടകരുമാണ് ഉത്തരം പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. റെയില്വേ ആര്എസ്എസിന്റെ തറവാട് വകയല്ലെന്നും ആര്എസ്എസ് തീവ്രവാദ സഘടനയാണെന്നും മന്ത്രി പറഞ്ഞു.
ഗണഗീതം ആലപിച്ച സംഭവത്തില് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണം എന്ന് സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബിയും ആവശ്യപ്പെട്ടു. ആര്എസ്എസ് ഒരു നിഗൂഢ സംഘടനയാണെന്നും കുട്ടികളെ കൊണ്ട് കൊലച്ചോറ് വാരിക്കുകയാണെന്നും എം എ ബേബി പറഞ്ഞു. നടന്നത് രാഷ്ട്ര വിരുദ്ധമായ പ്രവര്ത്തനം. ഇത് ദേശഭക്തി ഗാനം ആണെങ്കില് ആര്എസ്എസുകാര് പാടിക്കോട്ടെയെന്നും എം എ ബേബി പറഞ്ഞു.
എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില് വിദ്യാര്ഥികള് ആര്എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ് റെയില്വെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആര് ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തില് സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂള് വിദ്യാര്ത്ഥികള് ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്ശനം ഉയര്ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്വെ സമൂഹമാധ്യമങ്ങളില്നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്ക്കാണ് അന്വേഷണ ചുമതല നല്കിയത്. അടിയന്തരമായി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് നിര്ദേശിച്ചു. അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതന് പബ്ലിക് സ്കൂള് രംഗത്തെത്തി. വിവാദം കുട്ടികളില് വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷന് കേസെടുക്കണമെന്നും പ്രിന്സിപ്പല് കെ പി ഡിന്റോ ആവശ്യപ്പെട്ടു.
Content Highlights: Sivankutty, MA Baby and R Bindu responds over Ganageetham controversy