തിരുവനന്തപുരം: അണുബാധയെ തുടര്ന്ന് യുവതി മരിച്ച സംഭവത്തില് പ്രതികരണവുമായി എസ്എടി സൂപ്രണ്ട് ബിന്ദു. വളരെയധികം സങ്കടം ഉണ്ടായ കാര്യമാണിതെന്ന് ബിന്ദു പ്രതികരിച്ചു. ഡിസ്ചാര്ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ലേബര് റൂമില് ഒരു അണുബാധയും ഉണ്ടാകില്ല. കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ബിന്ദു കൂട്ടിച്ചേര്ത്തു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് ഉച്ചയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞ ബിന്ദു ഉന്നതതല അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. ലേബര് റൂമില് നിന്നുള്ള അണുബാധ എന്ന് തങ്ങള്ക്ക് എടുക്കാന് കഴിയില്ലെന്നും അവര് പറഞ്ഞു. 36 ആഴ്ചയും ആറ് ദിവസവും ആയിട്ടാണ് ശിവപ്രിയ ആശുപത്രിയില് എത്തുന്നതെന്നും ശിവപ്രിയയ്ക്ക് അന്ന് മറ്റ് പനികളൊന്നും ഉണ്ടായിരുന്നില്ലെന്നും പരിശോധിച്ച ഡോ. സുജിമോള് ജോസഫ് പറഞ്ഞു.
'പിറ്റേ ദിവസമാണ് പ്രസവം എടുക്കുന്നത്. ഒരു അണുബാധയും അന്ന് ഉണ്ടായിരുന്നില്ല. പ്രസവശേഷം ഉള്ള് പരിശോധിച്ചു നോക്കി. ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് ലേബര് റൂമില് നിന്നും അണുബാധ ഉണ്ടാകാന് യാതൊരുവിധ സാധ്യതയുമില്ല. മുഴുവന് പരിശോധനയും നടത്തിയതിനുശേഷം ആണ് ശിവപ്രിയയെ ഡിസ്ചാര്ജ് ചെയ്തത്. ശിവപ്രിയ തിരിച്ച് ആശുപത്രിയില് എത്തുന്നത് പനിയും വയറിളക്കവും ആയിട്ടാണ്. ശിവപ്രിയയുടെ പ്രസവസമയത്ത് മറ്റ് പ്രസവങ്ങളും എസ്എടിയില് നടന്നു. അവര്ക്കൊന്നും അണുബാധ സംഭവിച്ചിട്ടില്ല', സുജിമോള് ജോസഫ് പറഞ്ഞു.
കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രസവിച്ച് മൂന്നാം ദിവസമായിരുന്നു മരണം. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാര്ജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് എസ്എടിയില് വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോട് കൂടിയാണ് ശിവപ്രിയ മരിച്ചത്. പ്രസവത്തിനുശേഷം ഡോക്ടര് സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില് നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്ത്താവ് മനു റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: SAT hospital superintendent about patient death