തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില് ചോദ്യം ചെയ്യലിന് ഹാജരാകാന് സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന് ദേവസ്വം കമ്മീഷണറുമായ എന് വാസു. എസ്ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച് വാസു മറുപടി നല്കിയത്. എന്നാല് സാവകാശം നല്കാനാവില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. സ്വര്ണ്ണക്കൊള്ളയില് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എന് വാസുവിന് എസ്ഐടി നോട്ടീസ് നല്കിയത്.
ഹാജരാവുന്നത് നീണ്ടുപോയാല് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി ആലോചിക്കുന്നത്. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്ദേശപ്രകാരമാണെന്നാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദേവസ്വം ബോര്ഡ് മുന് എക്സിക്യൂട്ടീവ് ഓഫീസര് സുധീഷ് കുമാറും ദേവസ്വം ബോര്ഡ് മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്കിയിരിക്കുന്നത്. സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള് എന് വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര് എസ്ഐടിക്ക് നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില് സുധീഷ് കുമാറിന്റെ വീട്ടില് എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇതില് വാസുവിന്റെ കൈപ്പടയില് എഴുതിയ ഒരു കത്ത് എസ്ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാന് വിളിപ്പിച്ചപ്പോള് എസ്ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാല് അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോര്ഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില് നിര്ണായക വിവരങ്ങള് ലഭിച്ചതായാണ് വിവരം. ഇന്നും പരിശോധന തുടരും. ഇതിന് ശേഷം വാസുവിനെ വിളിപ്പിക്കുമെന്നാണ് സൂചന. അതിനിടെ മുന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വിളിച്ചുവരുത്താനും എസ്ഐടി നീക്കം നടത്തുന്നതായാണ് വിവരം. കട്ടിളപ്പാളിയിലെ സ്വര്ണമോഷണവുമായി ബന്ധപ്പെട്ട കേസില് 2018 ലെ ദേവസ്വം ബോര്ഡിനെ എട്ടാം പ്രതിയായി ചേര്ത്തിരുന്നു. ആ കാലഘട്ടത്തില് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു. നോട്ടീസ് നല്കി പത്മകുമാറിനെ വിളിച്ചുവരുത്താനാണ് എസ്ഐടി തീരുമാനം.
അതേസമയം ശബരിമല ശ്രീകോവിലിലെ പഴയ വാതില്പ്പടിയിലെ സ്വര്ണവും മോഷ്ടിക്കപ്പെട്ടുവെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നിലും ഉണ്ണികൃഷ്ണന് പോറ്റിയെന്നാണ് വിവരം. തകരാറെന്ന് പറഞ്ഞായിരുന്നു പഴയ വാതില് മാറ്റിയത്. എന്നാല് പൊതിഞ്ഞ സ്വര്ണത്തിന് കുഴപ്പമുണ്ടായിരുന്നില്ല. മാറ്റിയപ്പോള് സ്വര്ണമടക്കം മാറ്റി പുതിയ വാതിലാക്കി. ഇതിന് ശേഷം പഴയ വാതില് അഭിഭാഷക കൗണ്ടറിന് സമീപം ഉപേക്ഷിക്കുകയാണ് ചെയ്ത്. ഇതില് സ്വര്ണമുണ്ടെങ്കില് മാറ്റേണ്ടിയിരുന്നത് സ്ട്രോങ് റൂമിലേക്കാണ്. ഇതിലൂടെ സ്വര്ണമോഷണമാണ് ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യമിട്ടിരുന്നത്. എസ്ഐടി അന്വേഷണം നിലവില് വാതിലിലേക്ക് പോയിട്ടില്ല. കട്ടിളപ്പടിയും ദ്വാരപാലക ശില്പവും കേന്ദ്രീകരിച്ചാണ് അന്വേഷണം. വാതില് ഇതുവരെ അന്വേഷണ പരിധിയില് വന്നില്ല. വാതില്പ്പടിയിലാണ് ഏറ്റവും കൂടുതല് സ്വര്ണമുണ്ടായിരുന്നത്. വാതിലില് ഉണ്ടായിരുന്നത് രണ്ടരക്കിലോഗ്രാം സ്വര്ണവും ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പടിയിലും ആകെയുണ്ടായിരുന്നത് 750 ഗ്രാം സ്വര്ണവുമായിരുന്നു. പുതിയ വാതിലിനായി പോറ്റിക്ക് ഉത്തരവ് കൊടുത്തത് 2018 സെപ്റ്റംബര് ആറിനാണ്. ഈ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.
കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശ യാത്രകളെക്കുറിച്ചുള്ള അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിര്ണായക രേഖകളും എസ്ഐടിക്ക് ലഭിച്ചിരുന്നു.
Content Highlight; Sabarimala gold theft: N. Vasu seeks more time citing health issues