കണ്ണൂരില്‍ മുസ്‌ലീംലീഗ്-എംഎസ്എഫ് തര്‍ക്കം; എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ ചൊല്ലി ഏറ്റുമുട്ടല്‍

അധ്യാപക ജോലി ചെയ്യുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികള്‍ ആകരുതെന്ന എംഎസ്എഫ് ഭരണഘടന ചൂണ്ടിക്കാട്ടിയാണ് നടപടി

കണ്ണൂര്‍: എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ ചൊല്ലി കണ്ണൂരില്‍ മുസ്ലിം ലീഗ്- എംഎസ്എഫ് തര്‍ക്കം. മുസ്‌ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുള്‍ കരീം ചേലേരി നോമിനേറ്റ് ചെയ്തവരുടെ സ്ഥാനങ്ങള്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനങ്ങളാണ് മരവിപ്പിച്ചത്. ഭരണഘടനാവിരുദ്ധമായാണ് ഇവരെ തെരഞ്ഞെടുത്തത് എന്നാണ് എംഎസ്എഫിന്റെ വിശദീകരണം. അധ്യാപക ജോലി ചെയ്യുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികള്‍ ആകരുതെന്ന ഭരണഘടന ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് റംഷാദ് കെ പി, ട്രഷറര്‍ സ്ഥാനത്തേക്ക് അനസ് കൂട്ടക്കെട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനങ്ങളാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. എംഎസ്എഫിന് ഒരു ഭരണഘടനയുണ്ട്, അതിന് വിരുദ്ധമായാണ് ജില്ലാ കമ്മിറ്റിയിലേക്ക് രണ്ടുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹിയായിരിക്കാന്‍ കഴിയില്ലെന്നാണ് എംഎസ്എഫ് കുറിപ്പില്‍ പറയുന്നത്.

ലീഗ് ജില്ലാ അധ്യക്ഷനായ അബ്ദുള്‍ കരീം ചേലേരിയും എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സി കെ നജാഫും തമ്മിലാണ് തര്‍ക്കം. എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ ലീഗ് നേതൃത്വം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് നജാഫ് പക്ഷത്തിന്റെ വാദം. അതാണ് തര്‍ക്കത്തിനിടയാക്കിയതും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ രണ്ടുപേരുടെ മരവിപ്പിക്കുന്നതിലേക്കും എത്തിയത്.

Content Highlights: Muslim League-MSF dispute in Kannur: Clash over MSF district committee

To advertise here,contact us