കൊച്ചി: സൗജന്യ ഓണ്ലൈന് സേവന കേന്ദ്രം ആരംഭിച്ച് കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത്. അഡ്വ. അനൂപ് ജേക്കബ്ബ് എംഎല്എ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. വിവര സാങ്കേതികവിദ്യ ഉന്നതിയില് നില്ക്കുന്ന ഈ കാലഘട്ടത്തില് മനുഷ്യനന്മയ്ക്കായി അത് ഉപയോഗപ്പെടുത്തണമെന്നും കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് ആരംഭിച്ച ഈ സൗജന്യ ഓണ്ലൈന് സര്വ്വീസ് സെന്റര് തുടക്കം കുറിക്കുന്നത് ഏറെ പ്രശംസനീയം ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു.
കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് ഓഫീസ് അങ്കണത്തില് നടന്ന ചടങ്ങില് കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റ് അബ്ദുല്സലാം ഇടവട്ടം അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാംകല്ലൂര് സുബൈര് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്തിന്റെ ജനറല് സെക്രട്ടറി ശിഹാബ് കോട്ടയില്, ആമ്പല്ലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ഗ്രാമപഞ്ചായത്ത് അംഗം എപി സുഭാഷ്, ഡികെഎല്എം മേഖല പ്രസിഡന്റ് അന്സാരി ബാഖവി തുടങ്ങിയവര് ആശംസകള് അറിയിച്ചുകൊണ്ട് സംസാരിച്ചു. കാഞ്ഞിരമറ്റം ജമാഅത്തിന്റ വൈസ് പ്രസിഡന്റ് അസീസ് കൊച്ചു കിഴക്കേതില് യോഗത്തിന് നന്ദി അറിയിച്ചു.
കാഞ്ഞിരമറ്റം പള്ളി സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളായ സൂപ്പി കളത്തിപ്പടി, ലത്തീഫ് വടക്കേ പീടികയില് അജ്മല് വാലുമ്മല്, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടീവ് ഭാരവാഹികള്, പ്രാദേശിക മഹല് ഭാരവാഹികള് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു. കേരളത്തിലെ മഹല് അടിസ്ഥാനത്തിലുള്ള ആദ്യ സൗജന്യ ഓണ്ലൈന് സെന്ററാണ് തുടക്കം കുറിച്ചത്.