കൊച്ചി: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില് ട്രെയിനില് വെച്ച് വിദ്യാര്ത്ഥികള് ആര്എസ്എസ് ഗണഗീതം ചൊല്ലിയ സംഭവത്തില് വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗണഗീതം കുട്ടികള് പാടിയതല്ലെന്നും അവരെക്കൊണ്ട് ചിലര് പാടിച്ചതാണെന്നും ബിനോയ് വിശ്വം റിപ്പോര്ട്ടറിനോട് പറഞ്ഞു. അതാരാണെന്ന് എല്ലാവര്ക്കുമറിയാം. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന് കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്ത്തു.
'ഇത് കുട്ടികള് പാടിയതല്ല, പാടിപ്പിച്ചതാണ്. പാടിച്ചവരെ എല്ലാവര്ക്കുമറിയാം. അവരാദ്യം പറഞ്ഞത് ദേശീയ പതാക മൂവര്ണക്കൊടിയല്ല, പകരം വേണ്ടത് കാവിക്കൊടിയാണെന്ന്. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ അവരത് പറഞ്ഞു. പിന്നെ അവര് പറഞ്ഞു മഹാത്മാ ഗാന്ധിയല്ല മഹാന്, ഗാന്ധിയെ കൊന്ന ഗോഡ്സെയാണെന്ന്. ഗോഡ്സെയ്ക്ക് വേണ്ടി സ്തുതി ഗീതങ്ങള് പാടി. പിന്നീട് ഭരണഘടന തെറ്റാണെന്ന് പറഞ്ഞു. പകരം മനുസ്മൃതിയെ ആധാരമാക്കിയുള്ള ഭരണ ഘടന വേണമെന്നവര് പറഞ്ഞു. എത്രയോ കാലമായി ചെയ്തുപോരുന്ന ഭ്രാന്തുപിടിച്ച ഫാസിസ്റ്റ് വര്ഗീയതയുടെ അടുത്ത മുഖമാണിത്. ജനഗണമന അല്ല ദേശീയഗാനമെന്ന് പറയുന്നു. ഇതെല്ലാം ഇന്ത്യ കടന്നുപോകുന്ന ആപത്തിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള് കുറ്റക്കാരല്ല, അവരെക്കൊണ്ടിത് ചെയ്യിച്ചു. പാടിപ്പിച്ചു. അവര്ക്കറിയാം കുട്ടികളെക്കൊണ്ട് എന്താണ് ചെയ്യിച്ചതെന്ന്. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന് കഴിയില്ല', ബിനോയ് വിശ്വം പറഞ്ഞു.
രാജ്യം ഭരിക്കുന്ന ബിജെപി സംഘപരിവാറിന് വിധേയപ്പെട്ടുകൊണ്ടാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആരോപിച്ചു. അതിനനുസരിച്ച് രാജ്യത്തെ ഭരണഘടനയെ, ഫെഡറല് തത്വങ്ങളെയൊക്കെ കാറ്റില് പറത്താനാണ് അവര് ശ്രമിക്കുന്നത്. വിദ്യാര്ത്ഥികളെ ചേരിതിരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഇത്തരത്തല് വര്ഗീയച്ചുവയോടെയുള്ളവ കുട്ടികളെ പഠിപ്പിച്ചാല് ഇടപെടുമെന്നും വസീഫ് വ്യക്തമാക്കി.
പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വെെകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്ക്കാണ് അന്വേഷണ ചുമതല നല്കിയത്. അടിയന്തരമായി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് നിര്ദേശിച്ചു. അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതന് പബ്ലിക് സ്കൂള് രംഗത്തെത്തി. വിവാദം കുട്ടികളില് വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷന് കേസെടുക്കണമെന്നും പ്രിന്സിപ്പല് കെ പി ഡിന്റോ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകര്ക്കുന്ന നടപടിയാണ്. രക്ഷിതാക്കളും വിദ്യാര്ത്ഥികളും ഇതില് ഒരുപോലെ വിഷമത്തിലാണ്. ഗാനം ആലപിച്ചതില് മതവും രാഷ്ട്രീയവുമില്ല. ദേശീയ പരിപാടിയില് ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്. മതസൗഹാര്ദത്തിന്റെ അര്ത്ഥവത്തായ വരികളാണ് കുട്ടികള് ആലപിച്ചത് എന്നും സ്കൂള് പ്രിന്സിപ്പല് പറഞ്ഞു.
ഗാനം ആലപിക്കുന്ന വീഡിയോ റെയില്വെ ഔദ്യോഗിക പേജില് പങ്കുവെച്ചപ്പോള് കുട്ടികള്ക്ക് വലിയ സന്തോഷമായിരുന്നു. അത് പിന്വലിച്ചപ്പോള് വിഷമം തോന്നി. കുട്ടികളുടെ പ്രയാസം റെയില്വെയെ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടര്ന്നാകാം പിന്വലിച്ച വീഡിയോ രണ്ടാമതും പങ്കുവെച്ചതെന്നും പ്രിന്സിപ്പല് പറഞ്ഞു.
Content Highlights: binoy viswam against rss ganageetham sung by students in vandebharat