പാലക്കാട്: അട്ടപ്പാടിയില് പണി പാതിയില് നിര്ത്തിയ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങള് മരിച്ച സംഭവത്തില് പ്രതികരണവുമായി അമ്മ. ശബ്ദം കേട്ട് താന് ചെല്ലുമ്പോള് ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും സമയത്ത് ആശുപത്രിയില് എത്തിച്ചിരുന്നെങ്കില് രക്ഷിക്കാമായിരുന്നുവെന്നും കുട്ടികളുടെ അമ്മ ദേവി റിപ്പോര്ട്ടറിനോട് പറഞ്ഞു. ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നെന്നും താന് ഓടി ചെല്ലുമ്പോള് രണ്ട് കുഞ്ഞുങ്ങളുടെയും ദേഹത്ത് വീടിന്റെ ഭാഗങ്ങള് ഉണ്ടായിരുന്നെന്നും ദേവി പറഞ്ഞു. റോഡ് ബ്ലോക്ക് ആയിരുന്നതിനാല് ആശുപത്രിയില് എത്താന് വൈകി. ഈ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാവരുത്. ദേവി പറഞ്ഞു.
'കുട്ടികളെ ആശുപത്രിയില് എത്തിക്കുന്നതിനായി പ്രമോട്ടറെ വിളിച്ചു. എന്നിട്ടും വണ്ടികള് ഒന്നും കിട്ടിയില്ല. സ്കൂട്ടറിലാണ് കുട്ടികളെ കൊണ്ടുപോയത്. എനിക്ക് ആശുപത്രിയിലെത്താന് ഓട്ടോ കാത്ത് നില്ക്കേണ്ടി വന്നു. ഇടിഞ്ഞ് വീണ വീടിനുള്ളില് നിന്ന് പുറത്തെടുക്കുമ്പോള് ആദിക്ക് ജീവനുണ്ടായിരുന്നു. സംസാരിക്കാന് ശ്രമിച്ചിരുന്നു. വണ്ടി കിട്ടിയിരുന്നെങ്കില് കുട്ടിയെ രക്ഷിക്കാനാകുമായിരുന്നു.' ദേവി കൂട്ടിച്ചേര്ത്തു.
അതേസമയം, അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയെന്ന് ആരോപിച്ച് കോണ്ഗ്രസ് രംഗത്തെത്തി. ഐടിഡിപി നിര്മാണം ആരംഭിച്ച നിരവധി വീടുകള് പാതിവഴിയില് പണി തീരാതെ കിടക്കുകയാണെന്നും ഇത്തരത്തില് പണി തീരാത്ത ഒരു വീടാണ് തകര്ന്ന് വീണ് അപകടമുണ്ടായതെന്നും ജില്ലാ കോണ്ഗ്രസ് അംഗം ഷിബു സിറിയക് പറഞ്ഞു.
അട്ടപ്പാടിയില് പാതിയില് പണി നിര്ത്തിയ വീട് ഇടിഞ്ഞ് വീണാണ് സഹോദരങ്ങള് മരിച്ചത്. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) ഗുരുതരമായി പരിക്കേറ്റ് കോട്ടത്തറ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്. കുട്ടികളുടെ വീടിന് സമീപത്തുള്ള പ്രദേശവാസിയുടെ വീടാണ് ഇടിഞ്ഞുവീണത്. ആള് താമസമില്ലാത്ത വീട്ടില് കുട്ടികള് കളിക്കുന്നതിനിടെയായിരുന്നു അപകടം. എട്ട് വര്ഷം മുന്പ് പാതിവഴിയില് പണി നിലച്ച വീടാണ് കുട്ടികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീണത്.
അപകടത്തില്പെട്ട കുട്ടികളെ ആശുപത്രിയില് എത്തിക്കാന് വാഹനത്തിനായി ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നു. ഇതോടെ അടുത്തുള്ള വീട്ടിലെ സ്കൂട്ടറിലാണ് കുട്ടികളെ താഴേക്ക് എത്തിച്ചത്. അവിടെ നിന്നും വനം വകുപ്പിന്റെ വാഹനത്തിലാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികള്ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. മരിച്ച കുട്ടികളുടെ പോസ്റ്റ്മോര്ട്ടം ഇന്ന് അഗളി താലൂക്ക് ആശുപത്രിയില് നടക്കും.
Content Highlight: Attappadi House Collapse case Mother alleges the child could have been saved if he had been taken to the hospital in time