തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് നിര്വഹിച്ച എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില് ആര്എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'നാഗ്പൂരിലെ അപ്പൂപ്പന്മാര് കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്മിച്ചതെന്നായിരുന്നു സനോജിൻ്റെ വിമർശനം. ട്രെയിന് നിര്മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്നും ഗണഗീതം ആര്എസ്എസ് ശാഖയില് പാടിയാല് മതിയെന്നും വി കെ സനോജ് ഫേസ്ബുക്കിലൂടെ വിമർശിച്ചു.
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് നിന്ന് ഉദ്ഘാടനയോട്ടം നിര്വഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാര്ഥികള് ആര്എസ്എസ് ഗണഗീതം ആലപിച്ചത്. ഗാനാലാപനത്തിന്റെ വീഡിയോ റെയില്വേ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വി കെ സനോജിന്റെ പ്രതികരണം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റും വിഷയത്തില് രംഗത്തെത്തിയിട്ടുണ്ട്. ആര്എസ്എസ് ഗണഗീതത്തിന് പൊതുമുഖം നല്കാനുള്ള റെയില്വേയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
Content Highlights: VK Sanoj criticised singing of RSS Gangeetham in Vandebharat that inaugurated today