'വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്': ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍

വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത നേതാക്കളെക്കുറിച്ച് ഉടൻ വെളിപ്പെടുത്തൽ നടത്തുമെന്നും എം എസ് കുമാർ പറഞ്ഞു

തിരുവനന്തപുരം: താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എം എസ് കുമാര്‍. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും എം എസ് കുമാര്‍ പറഞ്ഞു. '10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാന്‍ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്കാണ്. ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മപ്പെടുത്തലാണ്': എം എസ് കുമാര്‍ പറഞ്ഞു.

താന്‍ നേതൃത്വം നല്‍കുന്ന അനന്തപുരി സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ ബിജെപി സംസ്ഥാന ഭാരവാഹികളും ഉണ്ടെന്ന് എം എസ് കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. അവസാന നാളുകളില്‍ അനില്‍ അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നും സമാന സാഹചര്യത്തിലൂടെയാണ് താനും കടന്നുപോകുന്നതെന്നും എം എസ് കുമാർ പറഞ്ഞിരുന്നു. 'മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും അതേ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ (സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ)ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്' എന്നായിരുന്നു എം എസ് കുമാര്‍ അന്ന് പറഞ്ഞത്.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൌണ്‍സിലര്‍ തിരുമല അനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 20ന് രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അനിലിന്‍റെ മരണത്തോട് പ്രതികരിക്കവെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍ രംഗത്തെത്തിയത്.

അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നായിരുന്നു വിവരം. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍ നിന്ന് ലഭിച്ചിരുന്നു.

Content Highlights: Those who take loans and do not repay are the leaders: MS Kumar on the death of Tirumala Anil

To advertise here,contact us