കോഴിക്കോട്: കോളേജ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്കസ് ലോ കോളേജ് വിദ്യാര്ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. സിപിഐഎം സൈബര് ഇടങ്ങളില് സജീവമായ അബുവിന്റെ വേര്പാടില് മുന് മന്ത്രി ടി പി രാമകൃഷ്ണന് അടക്കം നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
'അബു അരീക്കോട് ഇനി യു ട്യൂബില് വരില്ല!
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള് വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന് അബു രാഷ്ട്രീയത്തില് ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.
നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്വ്വങ്ങള് താണ്ടേണ്ടി വന്നപ്പോഴുംആരുടെ മുമ്പിലും ആദര്ശം അബു അടിയറ വെച്ചില്ല. യു ട്യൂബര് എന്ന നിലയില് കടുത്ത രാഷ്ട്രീയ വിമര്ശനങ്ങള് അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന് ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില് കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില് അരങ്ങൊഴിഞ്ഞത്.
മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവന് പിള്ള, ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളില് മറയുന്നതിന് മുമ്പ് എഴുതിയ വരികള് മലയാളികള്ക്ക് മറക്കാനാവില്ല:
'ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും'
ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോള് അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാന് അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാന് വീട്ടുവീഴ്ചകള് വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന് നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളില് നിന്ന് അറിഞ്ഞത്.
അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല് ഉള്ള സാധാരണ മനുഷ്യര്, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില് മറ്റൊരു വിധത്തില് എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്ക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിന്റെ ചെപ്പില് അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്ക്കണം. അതിനിടയില് ട്രാക്കില് തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്.', അബു അരീക്കോടിനെ അനുസ്മരിച്ച് കെ ടി ജലീല് എംഎല്എ ഫേസ്ബുക്കില് കുറിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Student found dead in college hostel kozhikode