തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്ഗ്രസിലെ സ്ഥാനാര്ത്ഥി നിര്ണയ തര്ക്കത്തില് ഇടപെട്ട് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല് സെക്രട്ടറി ദീപാദാസ് മുന്ഷി. കെപിസിസി ജനറല് സെക്രട്ടറി മണക്കാട് സുരേഷിനെ അനുനയിപ്പിച്ചു. സുരേഷ് രാജി പിന്വലിച്ചു. നേമം മണ്ഡലം കോര് കമ്മിറ്റി ചെയര്മാന് സ്ഥാനമാണ് മണക്കാട് സുരേഷ് കഴിഞ്ഞ ദിവസം രാജിവെച്ചത്. നേമം സീറ്റിലെ സ്ഥാനാര്ത്ഥി നിര്ണയത്തെ ചൊല്ലിയായിരുന്നു മണക്കാട് സുരേഷിന്റെ രാജി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെയാണ് കോണ്ഗ്രസ് നേമത്തെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു മണക്കാട് സുരേഷ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചത്.
മണക്കാട് സുരേഷിന്റെ രാജിയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മണക്കാട് സുരേഷ് കെപിസിസി ജനറല് സെക്രട്ടറിയാണെന്നും ഒരുപാട് തിരക്കുകള് ഉളളതുകൊണ്ട് മണ്ഡലം കോര് കമ്മിറ്റിയുടെ ചുമതല വഹിക്കാനാകുന്നില്ലെന്നുമാണ് കെ മുരളീധരന് പറഞ്ഞത്. അതുകൊണ്ട് സ്വയം രാജിവെച്ചതാണ്. നേമം ഷജീര് പാര്ട്ടിക്കുവേണ്ടി അടികൊണ്ടവനാണെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാര്ത്ഥിക്കും മാറ്റമുണ്ടാകില്ലെന്നും കെ മുരളീധരന് വ്യക്തമാക്കിയിരുന്നു.
അതേസമയം, പുത്തൻ പള്ളിയിലും കാഞ്ഞിരംകുളത്തും തർക്കം തുടരുകയാണ്. പുത്തൻ പള്ളിയിൽ കോൺഗ്രസ് സീറ്റ് ലീഗിന് വിട്ടു നൽകിയതിലാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് പുത്തൻപള്ളിയിലെ കോൺഗ്രസ് നേതാക്കളുടെ ഭീഷണി.
കാഞ്ഞിരംകുളത്തും സ്ഥാനാർഥി നിർണയത്തിലാണ് തർക്കം. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ വേഗത്തിൽ തീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
Content Highlights: Manacaud Suresh withdraws resignation: Decision taken with Deepadas Munshi's intervention