കോട്ടയം: കോട്ടയം മണര്കാടില് ആഭിചാര ക്രിയയുടെ പേരില് മര്ദ്ദനമേറ്റ യുവതി റിപ്പോര്ട്ടറുമായി പങ്കുവെച്ചത് നടുക്കുന്ന ദുരനുഭവം. ഭര്ത്താവ് അഖിലിന്റെ അച്ഛനും അമ്മയുമാണ് തന്നെ ആഭിചാരക്രിയയ്ക്ക് നിര്ബന്ധിച്ചതെന്നും ബോധം വന്നശേഷം വീഡിയോ കണ്ടപ്പോഴാണ് നടന്നസംഭവങ്ങള് അറിയുന്നതെന്നും യുവതി പറയുന്നു.
'എന്റെ അമ്മയുടെ ചേച്ചി ഒരുമാസം മുന്പ് മരിച്ചു. അവരുടെ ബാധ എന്റെമേല് കയറിയെന്ന് പറഞ്ഞാണ് ഇയാളെ കൊണ്ടുവന്നത്. അഖിലിന്റെ അമ്മയാണ് കൊണ്ടുവന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച പൂജ രാത്രി 10 മണിവരെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഭക്ഷണം പോലും തന്നത്. എന്നെകൊണ്ട് സിഗരറ്റ് വലിപ്പിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും അവര് പറഞ്ഞു. ഇക്കാര്യമെല്ലാം ഞാന് ആവശ്യപ്പെട്ടെന്നാണ് അയാള് പറഞ്ഞത്. വീഡിയോ കണ്ടപ്പോഴാണ് എനിക്ക് കാര്യങ്ങളെല്ലാം മനസ്സിലായത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് വീഡിയോ കാണിക്കാമെന്നായിരുന്നു പറഞ്ഞത്. ഞാന് തര്ക്കിച്ചപ്പോഴാണ് അഖിലിന്റെ സഹോദരി വീഡിയോ കാണിച്ചുതന്നത്', യുവതി പങ്കുവെച്ചു.
എന്താണ് സംഭവമെന്ന് പോലും മനസ്സിലായിരുന്നില്ല. ആദ്യമായാണ് ഇങ്ങനെയൊക്കെ കാണുന്നതെന്നും യുവതി പറയുന്നു. ബാധയുള്ളതുകൊണ്ടാണ് താനും ഭര്ത്താവും തമ്മില് പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് അവന്റെ അമ്മ പറയുന്നത്. മദ്യം ഗ്ലാസിനകത്ത് ഒഴിച്ചുവെച്ചിരുന്നു. താന് സോഫയില് ഇരുന്നപ്പോഴേക്കും പ്രാര്ത്ഥിക്കാന് പറഞ്ഞു. പട്ട് തന്റെ കാലില്കെട്ടി. അവസാനം ബോധം പോയി. ബാക്കി ഓര്മയില്ല. മുടിയില് ആണിവെച്ച് ചുറ്റിയിരുന്നു. മുടി വെട്ടി. അത് ചോദിച്ചപ്പോള് മുടി വളരാന് എണ്ണ തരാമെന്നാണ് പറഞ്ഞത്. നെറ്റിയില് ബീഡി വലിച്ചപ്പോള് പൊള്ളിയതെന്നാണ് പറഞ്ഞതെന്നും യുവതി പറയുന്നു.
സംഭവത്തില് മൂന്ന് പേരാണ് ഇതുവരെയും അറസ്റ്റിലായത്. യുവതിയുടെ ഭര്ത്താവ് മണര്ക്കാട് തിരുവഞ്ചൂര് കൊരട്ടിക്കുന്നേല് അഖില്ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില് കുട്ടന്റെ മകന് ശിവദാസ് (54) എന്നിവരെയാണ് മണര്ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയും അഖില്ദാസും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും അഖിലിന്റെ വീട്ടില് തന്നെയായിരുന്നു താമസിച്ചിരുന്നത്.
Content Highlights: kottayam witchcraft Young woman shares harrowing ordeal