മുറിയിൽ കണ്ടെത്തിയത് സ്റ്റിറോയ്ഡുകളും ക്ലെൻബ്യൂട്ടറോൾ ഗുളികകളും; ജിം ട്രെയ്നറുടെ മരണം ഹൃദയസ്തംഭനംമൂലം

മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്

തൃശ്ശൂർ: വടക്കാഞ്ചേരി കുമരനെല്ലൂരിൽ ജിം പരിശീലകൻ മരിച്ചത് ഹൃദയസ്തംഭനംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയാണ് കുമരനെല്ലൂർ ചെങ്ങാലി വീട്ടിൽ മാധവ് എന്ന 28കാരനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്.

മാധവിന്റെ ഹൃദയത്തിന്റെ ഭിത്തി വികസിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണകാരണത്തിലെ കൂടുതൽ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായി ഫോറൻസിക് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. സ്റ്റിറോയിഡ് സാന്നിധ്യമുണ്ടോ എന്നറിയാനാണ് പരിശോധന.

മാംസപേശികൾ വേഗത്തിൽ വളരുന്നതിന് സഹായിക്കുന്ന സ്റ്റിറോയ്ഡുകൾ, പ്രോട്ടീൻ പൗഡറുകൾ, കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെൻബ്യൂട്ടറോൾ ഗുളികകൾ എന്നിവ മാധവിന്റെ മുറിയിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജനുവരിയിൽ നടക്കാനിരുന്ന മത്സരത്തിനുള്ള പരിശീലനത്തിലായിരുന്നു യുവാവ്.

ദിവസവും വെളുപ്പിന് നാലുമണിക്ക് ഫിറ്റ്‌നസ് സെന്ററിൽ പരിശീലകനായി പോകാറുള്ള മാധവ് എഴുനേൽക്കാത്തത് ശ്രദ്ധയിൽപ്പെട്ട അമ്മ മുറിയിലെ വാതിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അകത്ത് നിന്ന് കുറ്റിയിട്ട മുറി അയൽവാസിയുടെ സഹായത്തോടെ ഇവർ തള്ളിത്തുറന്നപ്പോഴാണ് മാധവിനെ കട്ടിലിന് താഴെ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുഖമാകെ നീല നിറം കയറിയ നിലയിലായിരുന്നു മാധവ്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlights : Gym trainer dies of heart attack says reports

To advertise here,contact us