ഗോള്‍ഡന്‍ വാലി നിധി തട്ടിപ്പ്; താര വീണ്ടും അറസ്റ്റില്‍

കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

തിരുവനന്തപുരം: ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റില്‍. തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ എം താരയെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ എം താരയെന്ന താര കൃഷ്ണന്‍(51). തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോടികളുടെ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29ന് തമ്പാനൂര്‍ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് റിമാന്റിലായ താര, പരാതിക്കാര്‍ക്കുള്ള തുക ഉടന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

പിന്നീടും പണം മടക്കി നല്‍കാനാവാതെ വന്നതോടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികളെത്തുകയായിരുന്നു. ഇതോടെയാണ് പൊലീസ് അറസ്റ്റ്. 10 ലക്ഷം തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ താരയെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. താരയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

To advertise here,contact us