തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). 2002 ലെ കള്ളപ്പണ പ്രതിരോധ നിയമപ്രകാരം ഇരു സംഘടനകളുടെയും കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിലെ 67 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മലപ്പുറത്തെ ഗ്രീൻവാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീൻവാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യൽ കൾച്ചർ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, ഇസ്ലാമിക് സെന്റർ വയനാട്, ഹരിതം ഫൗണ്ടേഷൻ മലപ്പുറം, ആലുവ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എൻഐഎയും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. പോപ്പുലർ ഫ്രണ്ടിന് സഹായങ്ങൾ നൽകുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉൾപ്പടെ എത്തിച്ച് അവ ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര സർക്കാർ ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്.
Content Highlights : ED seizes assets of Popular Front and SDPI