'പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്, എന്നാല്‍ വോട്ട് ബിജെപിക്ക് പോകുന്നു': ദീപാദാസ് മുന്‍ഷി

വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുളളതെന്നും വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു

തിരുവനന്തപുരം: പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണെങ്കിലും വോട്ട് ബിജെപിക്ക് പോവുകയാണെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഹരിയാനയില്‍ സാധാരണക്കാരായ ധാരാളംപേര്‍ കോണ്‍ഗ്രസിനോട് പരാതി പറഞ്ഞിരുന്നുവെന്നും നിരവധിപേരാണ് വോട്ട് ചോരിക്കെതിരെ രംഗത്തുവരുന്നതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

'ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വേ നടത്തിയത്. ഹരിയാനയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുളള 22 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ബിജെപി പറയുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു. വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുളളത്. വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തും': ദീപാദാസ് മുന്‍ഷി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയുന്നില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ഹരിയാനയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ബിജെപി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നെന്നും അതുതന്നെയാണ് ഗോപാലകൃഷ്ണനും പറഞ്ഞതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മൂന്നാമത്തെ വാര്‍ത്താസമ്മേളനത്തിന് ശേഷം മറുപടിയുമായി വന്നത് കിരണ്‍ റിജിജു മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Congress is strong in many states, but votes are going to BJP': Deepadas Munshi

To advertise here,contact us