PMA സലാമിനെതിരായ അധിക്ഷേപ പരാമർശം; CPIM ലോക്കല്‍ സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പരാതി

സമൂഹ മാധ്യമത്തിലൂടെ വര്‍ഗീയവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അപമാനിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാണ് പരാതി

കണ്ണൂര്‍: മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാമിനെതിരെ സമൂഹ മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് പരാതി. സിപിഐഎം കണ്ണപുരം ലോക്കല്‍ സെക്രട്ടറി കെ വി ശ്രീധരന് എതിരെ യൂത്ത് ലീഗ് പരാതി നല്‍കി. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് ആണ് പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ വര്‍ഗീയവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അപമാനിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ ചാനല്‍ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി എം എ സലാമിന്റെ അധിക്ഷേപ പരാമര്‍ശ വീഡിയോക്ക് താഴെ ആയിരുന്നു കെ വി ശ്രീധരന്റെ പരാമര്‍ശം.

'മതപരമായ വേര്‍തിരിവും വര്‍ഗീയമായ പ്രസ്താവനയും ഒരാളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുകയും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തി സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതിനാലും നിയമപരമായി കേസ് രജിസ്റ്റര്‍ ചെയ്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് അപേക്ഷിക്കുന്നു', എന്ന് പരാതിയില്‍ പറയുന്നു. പി എം എ സലാമിന്റെ പേര് പറയാതെയായിരുന്നു പരാതി.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനായിരുന്നു മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി എം എ സലാം രംഗത്തെത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണ് എന്നാണ് പി എം എ സലാം പറഞ്ഞത്. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാമിന്റെ പരാമര്‍ശം.

'ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വര്‍ഗീയ വിഷം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടതുകൊണ്ടാണ് അതില്‍ ഒപ്പിട്ടത്', എന്നാണ് പി എം എ സലാം പറഞ്ഞത്. 'മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം' എന്നും സലാം പറഞ്ഞിരുന്നു.

Content Highlights: Complaint against CPIM worker who commented against PMA Salam

To advertise here,contact us