കൊച്ചി: യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വിവാദ യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലിൽ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീവിരുദ്ധ വീഡിയോ പങ്കുവെച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവിലാണ് കർശന നിർദേശം.
ഷാജൻ സ്കറിയക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും യുവതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ യൂട്യൂബിൽ പങ്കുവെച്ചുവെന്ന ഈ കേസിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഷാജൻ സ്കറിയ വീണ്ടും സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്ന വീഡിയോ യൂട്യൂബിൽ പങ്കുവെച്ചുവെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു. ഷാജൻ സ്കറിയ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ കോടതി ഈ മാസം 12ന് അദ്ദേഹത്തോട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Content Highlights : case against shajan skaria; Court orders removal of anti-women video within seven days