ഭരണം പിടിക്കാൻ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം; സ്വാഭാവികമെന്ന് പ്രസിഡന്റ്, വിവാദം

ആരോപണം കൂറുമാറിയ സ്വതന്ത്ര അംഗവും നിഷേധിച്ചു

മലപ്പുറം: മലപ്പുറം ഏലംകുളം പഞ്ചായത്തില്‍ കൂറുമാറ്റത്തെ ചൊല്ലി വിവാദം. പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഐഎം യുഡിഎഫ് സ്വതന്ത്ര അംഗത്തെ മുന്നണി മാറ്റിയത് 20 ലക്ഷം രൂപ നല്‍കിയാണെന്നാണ് ആരോപണം. ഇക്കാര്യം സാധാരണക്കാരായ എല്ലാവര്‍ക്കും അറിയാമെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ ഇതെല്ലാം സ്വാഭാവികമെന്ന് ആരോപണം ശരിവെച്ചുകൊണ്ട് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ ബാബു പ്രതികരിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച അംഗം എല്‍ഡിഎഫിനെ പിന്തുണച്ചതോടെയായിരുന്നു പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായത്.

'മെമ്പറെ 20 ലക്ഷം രൂപ കൊടുത്ത് വാങ്ങിയതാണെന്നതില്‍ 100 ശതമാനം സംശയമില്ല. ഏലംകുളം പഞ്ചായത്തിലെ എല്ലാവര്‍ക്കും ഇതറിയാം. രാഷ്ട്രീയത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്', എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതെല്ലാം സ്വാഭാവികമെന്ന് പ്രസിഡന്‍റ് അതേ വേദിയിൽ പ്രതികരിച്ചു.

ആരോപണം കൂറുമാറിയ സ്വതന്ത്ര അംഗവും നിഷേധിച്ചു. ഫണ്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് മുന്നണി മാറിയതെന്നും യുഡിഎഫ് ആരോപണം പിന്‍വലിക്കണമെന്നും പരാതി നല്‍കുമെന്നും അംഗം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസിന്റെ നാടാണ് ഏലംകുളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് വാര്‍ഡില്‍ സിപിഐഎമ്മും ഒരിടത്ത് സിപിഐയുമായി എല്‍ഡിഎഫിന് എട്ട് സീറ്റും കോണ്‍ഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്നുമായി യുഡിഎഫിന് എട്ട് സീറ്റുമായിരുന്നു നില. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണംലഭിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ യുഡിഎഫ് ഭരണത്തിനെതിരായ സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം യുഡിഎഫ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ വിജയിക്കുകയും ഭരണം എല്‍ഡിഎഫിന് ലഭിക്കുകയുമായിരുന്നു.

Content Highlights: udf alleges CPIM give 20 lakhs to udf Member to seize power in malappuram elamkulam

To advertise here,contact us