കോഴിക്കോട്: വാടക നല്കാനില്ലാത്തതിനാല് ഉടമ വീട്ടില് നിന്നും ഇറക്കി വിട്ടതോടെ കുടുംബം അന്തിയുറങ്ങിയത് ഓട്ടോയില്. കുന്നമംഗലം സ്വദേശികളായ കുടുംബത്തിനാണ് തല ചായ്ക്കാന് ഇടമില്ലാതായതോടെ ഓട്ടോയില് നേരം വെളുപ്പിക്കേണ്ടി വന്നത്. കുന്നമംഗലം സ്വദേശികളായ അനിലും രമ്യയും ഇവരുടെ രണ്ട് പെണ്കുട്ടികളുമടങ്ങുന്ന കുടുംബം നാല് ദിവസങ്ങളായി തെരുവില് കഴിയുകയാണ്. വീട് ലഭിക്കുന്നതിനായി കളക്ടര്ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുന്നമംഗലം പഞ്ചായത്തില് ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. 13 വര്ഷമായി വാടക വീടുകളില് മാറി മാറി കഴിയുന്ന കുടുംബത്തിന് റേഷന്കാര്ഡ് അടക്കമുള്ള രേഖകളുണ്ട്.
'ഒന്നര മാസത്തോളമായി റെയില്വേ സ്റ്റേഷനിലും മറ്റുമാണ് ഞങ്ങള് കിടക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളില് ഞങ്ങള് ഓട്ടോയിലായിരുന്നു അന്തിയുറങ്ങിയത്. രണ്ട് പെണ്കുട്ടികളെയും കൊണ്ട് എന്ത് ചെയ്യുമെന്ന് അറിയില്ല. പലരും സഹായിച്ചു. ഇപ്പോള് ഭക്ഷണം കഴിക്കുന്നത് പോലും ഓരോരുത്തരുടെ സഹായം കൊണ്ടാണ്. ഒരുപാട് ആളുകള് സഹായിച്ചു. വീണ്ടും വീണ്ടും സഹായം ചോദിക്കാനാവില്ലല്ലോ.' രമ്യ റിപ്പോർട്ടറിനോട് പറഞ്ഞു.
'കഴിഞ്ഞ ദിവസം വീട് ലഭിക്കുന്നതിനായി കളക്ടര്ക്ക് അപേക്ഷ നല്കിയിരുന്നു. കൂടാതെ ഒരു വര്ഷത്തിന് മുന്പ് ലൈഫ് മിഷനിലേക്ക് അപേക്ഷ വയ്ക്കുന്നതിനുള്ള രേഖകള് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പക്കല് കൊടുക്കുകയും ചെയ്തിരുന്നു. 11 വര്ഷങ്ങളായി വിവിധ വാടക വീടുകളിലാണ് താമസിക്കുന്നത്.' രമ്യ വ്യക്തമാക്കി.
'റെയില്വേ ക്ലോക്ക് റൂമില് പ്രാഥമിക കര്മങ്ങള്ക്കായി പോവുകയും അലക്കുന്നതിനും കുളിക്കുന്നതിനുമായി അടുത്തുള്ള പുഴയില് പോവുകയുമാണ് ചെയ്യുന്നത്. നാലാം ക്ലാസില് പഠിക്കുന്ന മോള്ക്ക് സ്കൂളില് പോകാന് പോലും ഈ സാഹചര്യത്തില് കഴിയുന്നില്ല. കുട്ടികളുടെ ഭാവി നശിപ്പിക്കരുതെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞങ്ങള്ക്ക് വേറെ നിവൃത്തിയില്ല.' രമ്യ റിപ്പോർട്ടറിനോട് പറഞ്ഞു.
കുടുംബത്തിനായി എന്തുചെയ്യാൻ സാധിക്കുമെന്ന് പഞ്ചായത്തിൽ യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് പ്രസിഡൻറ് ലിജി പുൽകുന്നുമ്മേൽ വ്യക്തമാക്കി. ലൈഫ് മിഷനില് അപേക്ഷിക്കുന്ന സമയത്ത് രമ്യയും കുടുംബവും നാട്ടിലുണ്ടായിരുന്നില്ലെന്നാണ് അറിയിച്ചിരുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബമാണെന്ന് അറിയാമായിരുന്നു. കുടുംബത്തിന്റെ വിവരങ്ങള് അടങ്ങുന്ന രേഖകള് പഞ്ചായത്തില് എത്തിച്ചാല് പഞ്ചായത്ത് യോഗം ചേര്ന്ന് മറ്റു കാര്യങ്ങള് തീരുമാനിക്കാവുന്നതാണ്.' കുന്നമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മേൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
Content Highlight; Kozhikode family has been sleeping on the streets for four days