'ബിജെപി മുസ്‌ലിം ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നില്ല'; ന്യൂനപക്ഷ മോർച്ച തിരുന്നാവായ മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പൊന്മുണ്ടം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിയാദ്

മലപ്പുറം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച തിരുന്നാവായ മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിയാത്ത് കൂടിയത്ത് രാജിവെച്ചത്. പൊന്മുണ്ടം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിയാദ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. അതേസമയം മുസ്‌ലിം സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി പ്രത്യേക സമ്പര്‍ക്ക പരിപാടി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനുള്ള പുതിയ പരിപാടിയുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ മുസ്‌ലിം വീടുകളിലും ഗൃഹ സമ്പര്‍ക്കം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ പ്രവര്‍ത്തകര്‍ രാജിവെക്കുന്നത് തുടരുകയാണ്.

നേരത്തെ നേമം ഏരിയ പ്രസിഡന്റ് ചുമതലയില്‍ നിന്ന് എം ജയകുമാര്‍ രാജിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: BJP Minority Morcha Thirunavaya constituency president resigns

To advertise here,contact us