കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരി യുവാവിന്റെ കൈവരി കടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വള്ളിക്കാട് പുലയന്കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ആറ് വയസുകാരി ഉള്പ്പെടെ മറ്റ് മൂന്നുപേര്ക്കും കുറുനരിയുടെ കടിയേറ്റു.
കഴിഞ്ഞ മാസം കോഴിക്കോട് വളയത്ത് മൂന്നുപേര്ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വളയം നിരവുമ്മല് സ്വദേശികളായ മൂന്ന് സ്ത്രീകള്ക്കാണ് കുറുനരിയുടെ കടിയേറ്റത്. കളമുളള പറമ്പത്ത് ചീരു, ജാതിയോട്ട് ഷീബ, മുളിവയല് സ്വദേശി സുലോചന എന്നിവര്ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു.
സെപ്തബറില് നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്ത്ഥിക്കും കുറുനരിയുടെ കടിയേറ്റിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് മെമ്പർ കുറുനരിയുടെ ആക്രമണത്തിനിരയായത്.