പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വെെസ് ചെയര്മാനും വി ഫോര് പട്ടാമ്പി നേതാവുമായ ടി പി ഷാജിയും 200 ഓളം പ്രവര്ത്തകരും കോണ്ഗ്രസില് ചേര്ന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്കി. എല്ഡിഎഫിലെ ഭിന്നതയെ തുടര്ന്നാണ് ഷാജി കോണ്ഗ്രസില് തിരിച്ചെത്തിയത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില് പട്ടാമ്പി നഗരസഭയിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടികയില് ഇടം നേടാതിരുന്നതോടെയാണ് കെപിസിസി നിര്വാഹക സമിതി അംഗമായിരുന്ന ഷാജി കോണ്ഗ്രസ് വിട്ട് വി ഫോര് പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില് വീറുറ്റ മത്സരമാണ് വി ഫോര് പട്ടാമ്പി നടത്തിയത്. വി ഫോര് പട്ടാമ്പി മത്സരിപ്പിച്ച ആറ് പേരും വിജയിച്ചു.
2015ല് നഗരസഭയില് 28ല് 19 സീറ്റിലും വിജയിച്ച് അധികാരത്തിലെത്തിയ യുഡിഎഫിന് 2020ല് ഭരണം നഷ്ടപ്പെടാന് വി ഫോര് പട്ടാമ്പി കാരണമായി. മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന എല്ഡിഎഫിന് 11 സീറ്റുകള് നേടാന് കഴിഞ്ഞു. വി ഫോര് പട്ടാമ്പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണവും ലഭിച്ചു. തുടര്ന്നാണ് ഷാജി നഗരസഭാ വൈസ് ചെയര്മാനായത്. ഷാജി തിരിച്ചു വന്നതോടെ നഗരസഭയില് വന്വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ്.
Content Highlights: Local body election V For pattambi Leader T P Shaji Joined in Congress