ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഡിഎംകെ; തമിഴ്‌നാട് മോഡല്‍ വാഗ്ദാനം; രണ്ടിടത്ത് ഓഫീസ് തുറന്നു

തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പഞ്ചായത്ത് ഭരണം കിട്ടിയാല്‍ ഇടുക്കിയിലെ തൊഴിലാളികള്‍ക്കും നല്‍കുമെന്നാണ് ഡിഎംകെ വാഗ്ദാനം

ഇടുക്കി: സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിടിമുറുക്കാന്‍ ഡിഎംകെ. പാര്‍ട്ടി ചിഹ്നത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരളഘടകം അറിയിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന, തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തില്‍ മത്സരിക്കാനാണ് തീരുമാനം.

ഉപ്പുതറ പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലും ദേവികുളത്തെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലും മത്സരിക്കും. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മൂന്നാറിലും ഉപ്പുതറയിലും പാര്‍ട്ടി ഓഫീസ് ആരംഭിച്ചു. കേരളത്തില്‍ ഡിഎംകെ പാര്‍ട്ടിക്ക് ഉദയസൂര്യന്‍ ചിഹ്നം അനുവദിച്ച പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന് അഭിവാദ്യം അറിയിച്ച് ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് വെച്ചു. തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പഞ്ചായത്ത് ഭരണം കിട്ടിയാല്‍ ഇടുക്കിയിലെ തൊഴിലാളികള്‍ക്ക് നല്‍കുമെന്നാണ് ഡിഎംകെ വാഗ്ദാനം.

കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ഡിഎംകെ പിന്തുണ. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും എഐഎഡിഎംകെ അംഗമായിരുന്ന എസ് പ്രവീണ വിജയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്ത പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഈ വിഭാഗത്തില്‍ അംഗങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു എഐഎഡിഎംകെ അംഗത്തെ പ്രസിഡന്റാകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Content Highlights: Local Body Election DMK to contest in Idukki promises Tamil Nadu model

To advertise here,contact us