തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജില് നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ ഇദ്ദേഹം മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താന് നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനല്കിയത്. ആന്ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില് പറയുന്നുണ്ട്.
നെഞ്ചുവേദനയെ തുടര്ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില് നിന്ന് അറിയിച്ചത്. തുടര്ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്ക്കുള്ളില് അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില് ഉന്നയിച്ചത്.
ആശുപത്രിയില് എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല് ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര് തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്ജന്സി ആന്ജിഗ്രാം ചെയ്യാന് വെള്ളിയാഴ്ച താന് ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന് വന്ന ഡോക്ടറോട് എപ്പോള് ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല് കോളേജുകള്. എന്നാല് തിരുവനന്തപുരം മെഡിക്കല് കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല് പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറയുന്നു.
Content Highlights- Kollam native man raise allegation against medical college before death