ഗണേഷ് കുമാർ കായ് ഫലമുള്ള മരം, മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; മന്ത്രിയെ വേദിയിൽ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്

കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ്

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്തനാപുരത്ത് നിന്നും വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ അസീസ്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ അസീസ് ആണ് പരസ്യമായ ആഹ്വാനം നടത്തിയത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നുമാണ് ആഹ്വാനം. കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പറയുന്നു.

'നമ്മുടെ നാട്ടില്‍ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി ഗണേഷ് കുമാര്‍. കായ്ക്കാത്ത മച്ചി മരങ്ങള്‍ ഇവിടേയ്ക്ക് കടന്നുവരും. അവരെ തിരിച്ചറിഞ്ഞ് നമ്മുടെ നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് മന്ത്രിയാക്കാന്‍ തയ്യാറാക്കണം', അബ്ദുള്‍ അസീസ് പറഞ്ഞു.

തലച്ചിറ വാര്‍ഡിലെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിയെ പുകഴ്ത്തിയുള്ള പരാമർശം കോണ്‍ഗ്രസിന് തിരിച്ചടിയാവും.

Content Highlights: Congress leader Said KB Ganesh Kumar to win from Pathanapuram in next election as well

To advertise here,contact us