തിരുവനന്തപുരം: ഹരിയാനയിലെ 'സര്ക്കാര് ചോരി' ആരോപണത്തിനിടെ തന്റെ വീഡിയോ പ്രദര്ശിപ്പിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. രാഹുല് ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂവെന്ന് പറഞ്ഞ ഗോപാലകൃഷ്ണന് കൂടുതല് പ്രതികരണത്തിന് തയ്യാറായില്ല.
'രാഹുല് ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂ. എന്റെ കമന്റ്സ് കഴിഞ്ഞു', ബി ഗോപാലകൃഷ്ണന് പറഞ്ഞു.
ഹരിയാനയില് 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ബി ഗോപാലകൃഷ്ണന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലെ ഒരു ഭാഗം രാഹുല് പ്രദര്ശിപ്പിച്ചത്.
'ജയിക്കാന് വേണ്ടി ഞങ്ങള് വ്യാപകമായി വോട്ട് ചേര്ക്കും. ഞങ്ങള് ജയിക്കാന് ഉദ്ദേശിച്ച മണ്ഡലങ്ങളില് ജമ്മുകശ്മീരില് നിന്ന് ആള്ക്കാരെ കൊണ്ടുവന്ന് ഒരു വര്ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യും', എന്നായിരുന്നു ബി ഗോപാലകൃഷ്ണന് പറഞ്ഞത്. തൃശ്ശൂരില് സുരേഷ് ഗോപി ജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജ വിലാസത്തില് അവരുടെ വോട്ട് ചേര്ത്തെന്നും ആരോപണം ഉയര്ന്ന വേളയിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
Content Highlights: Bjp Leader B Gopalakrishnan against Rahul Gandhi over Sarkar Chori