അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്‌ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെ റോസ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

റോസ്‌ലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. റോസ്‌ലിക്കെതിരായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

റോസ്‌ലി മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ്. ഇതിനുള്ള മരുന്നും സ്ഥിരമായി കഴിച്ചിരുന്നു. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. റോസ്‌ലിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.

കത്തിയോ ബ്ലഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

Content Highlights: 6 year old death Angamali police arrested grandmother

To advertise here,contact us