'മന്ത്രി സജി ചെറിയാനെതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു', വേദനയുണ്ടെന്ന് വേടൻ

അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണെന്നും വേടൻ

കൊച്ചി: തനിക്ക് ലഭിച്ച അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമെന്ന് റാപ്പർ വേടൻ. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ്. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും വേടൻ പറഞ്ഞു.

വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗികപീഡനം കേസുകൾ നേരിടുന്നയാൾക്ക് സംസ്ഥാനപുരസ്‌കാരം നൽകുന്നത് ഉചിതമല്ലെന്ന വിമർശനം ഉയർന്നിരുന്നു.

Content Highlights: Vedan says he has not said anything against Minister Saji Cherian

To advertise here,contact us