കൊച്ചി: ന്യൂയോര്ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാർത്ഥി സൊഹ്റാന് മംദാനിയുടെ വിജയം ആഘോഷമാക്കി കേരളത്തിലെ ഇടത് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും. മന്ത്രിമാരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും അടക്കം നിരവധി പേരാണ് മംദാനിക്ക് ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയും മംദാനിയുടെ വിജയം വലിയ രീതിയിൽ ആഘോഷിക്കുകയാണ്.
സ്പീക്കർ എ എൻ ഷംസീർ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ മംദാനിയെ അഭിനന്ദിച്ച് രംഗത്തെത്തി. സാമൂഹ്യ പ്രവര്ത്തകയായ അരുന്ധതി ബി, രാഷ്ട്രീയ പ്രവര്ത്തകനായ ഡോ. ജോ ജോസഫ്, മാധ്യമപ്രവര്ത്തകനായ ശ്രീജിത്ത് ദിവാകരന് തുടങ്ങിയവരും ഫേസ്ബുക്ക് കുറിപ്പിലൂടെ മംദാനിയുടെ വിജയത്തില് ആഹ്ലാദം പ്രകടിപ്പിച്ചു.
'ന്യൂയോർക്കിന് ചരിത്രം. മേയറായി മംദാനി', എന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം.
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും യുവ ഡെമോക്രാറ്റ് നേതാവുമായ സൊഹ്റാൻ മംദാനിയുടെ വിജയം ലോകമെമ്പാടുമുള്ള പുരോഗമന ചിന്താഗതിക്കാർക്ക് ആവേശകരമായ വാർത്തയാണെന്നായിരുന്നു എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചത്.
'പ്രതികൂല സാഹചര്യങ്ങളെയും കടുത്ത വെല്ലുവിളികളെയും അതിജീവിച്ച്, ന്യൂയോർക്ക് സിറ്റിയുടെ മുസ്ലിം ജനവിഭാഗത്തിൽ നിന്നും വരുന്ന ആദ്യത്തെ മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നു. ലോകത്തിന്റെ നെറുകയിൽ നമ്മുടെ വംശീയ ബന്ധമുള്ള യുവതലമുറ ശക്തമായ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കുന്നത് ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് നമ്മുടെ പ്രവാസി സമൂഹത്തിനും വലിയ അഭിമാന നിമിഷമാണ്. മേയർ എന്ന നിലയിൽ ന്യൂയോർക്ക് സിറ്റിയെ കൂടുതൽ ഉൾക്കൊള്ളുന്നതും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ ഒരു നഗരമായി മാറ്റുന്നതിൽ സൊഹ്റാൻ വിജയിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു', ഷംസീർ പറഞ്ഞു.
മംദാനിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയം സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് മുഹമ്മദ് റിയാസ് കുറിച്ചു. സാധാരണ ജനങ്ങളുടെ അവകാശങ്ങൾ, സൗജന്യ ആരോഗ്യം, പൊതുഗതാഗതം, സാമൂഹിക നീതി എന്നിവയെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റ തെരഞ്ഞെടുപ്പ് പ്രചരണം, സമകാലീന ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ സാമ്രാജ്യത്വം നില കൊള്ളുന്ന എല്ലാ പിന്തിരിപ്പൻ മൂല്യബോധത്തിനുമുള്ള മറുമരുന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് മംദാനിയുടെ വിജയമെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. 'നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിർത്തിയുള്ള ഭരണം തെരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!' ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
'പഞ്ചാബി ഹിന്ദു ആയ അമ്മയ്ക്കും ഗുജറാത്തി മുസ്ലിമായ പിതാവിനും ഉഗാണ്ടയില് ജനിച്ച മകന് ഇനി ലോകത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയര്' എന്നായിരുന്നു അരുന്ധതി ബി ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ്. 'ആരോ പറഞ്ഞല്ലോ ഈ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അറബിക്കടലിലേക്ക് ഒലിച്ചുപോകുമെന്ന്. എന്നാല് കേട്ടോളൂ, അത് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ തീരത്തുള്ള ന്യൂയോര്ക്കില് അടിഞ്ഞ് കൂടിയിട്ടുണ്ട്.' ഡോ. ജോ ജോസഫ് പറഞ്ഞു. 'ന്യൂയോര്ക്ക് മേയര് സ്ഥാനത്ത് ഒരു സോഷ്യലിസ്റ്റ്. സൊഹ്റാന് മംദാനി വിജയിച്ചു.' എന്നായിരുന്നു ശ്രീജിത്ത് ദിവാകരന് തന്റെ ഫേസ്ബുക്ക് കുറിപ്പില് എഴുതിയത്.
ന്യൂയോര്ക്ക് മേയര് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാർത്ഥിയായ സൊഹ്റാന് മംദാനി വിജയിച്ചത് വലിയ രീതിയിൽ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല് വ്യക്തമായ ലീഡ് മംദാനി നിലനിര്ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ്.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം മതവിഭാഗത്തിൽ നിന്നും ഒരാൾ ന്യൂയോര്ക്കിന്റെ മേയര് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്ക്കിലെ ഇതുവരെയുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.
തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും സൊഹ്റാന് മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ന്യൂയോര്ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല് ഫണ്ടുകള് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്ക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.
കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്റാന് മംദാനി എന്ന പരാമർശവും ട്രംപ് പലതവണകളിലായി ഉയർത്തിയിരുന്നു. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോർക്കിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വിമർശനം. രാജ്യത്തെ മാർക്സിസ്റ്റ് ഭ്രാന്തൻമാർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയത്. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ താൻ അത് അനുവദിക്കുകയുമില്ല. തന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
പ്രധാന വിഷയങ്ങളിൽ മംദാനി എടുത്തിട്ടുള്ള നിലപാടുകൾ പ്രധാനമാണ്. ഗുജറാത്ത് മുതൽ ഗാസ വരെ ഇടതുപക്ഷ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തർദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ പലപ്പോഴായി മംദാനി നിലപാടുകൾ അറിയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവെച്ചത്.
Content Highlight; Social activists in Kerala celebrate Sohran Mandani's victory