അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ; സ്ഥിരീകരിച്ച് പൊലീസ്

കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.

കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.

കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മൂമ്മയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Content Highlights: six-month-old baby in Angamaly died by grandmother

To advertise here,contact us