'അഞ്ച് വര്‍ഷവും കൂടെ നിന്നു'; പഞ്ചായത്തംഗത്തിന് കാല്‍പവന്റെ സ്വര്‍ണമോതിരം നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍

കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിലാണ് സ്വര്‍ണമോതിരം കൈമാറിയത്.

ബത്തേരി: വയനാട്ടിലെ ഒരു പഞ്ചായത്തംഗത്തിന് കാല്‍പവന്റെ സ്വര്‍ണമോതിരം നല്‍കിയിരിക്കുകയാണ് പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. പനമരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാനാണ് സ്വര്‍ണമോതിരം നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍ ആദരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിലാണ് സ്വര്‍ണമോതിരം കൈമാറിയത്.

പനമരം പഞ്ചായത്ത് ഓഫീസില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഒറ്റയാള്‍ സമരം നടത്തിയതിലൂടെയും ശ്രദ്ധിക്കപ്പെട്ട മെമ്പറാണ് ബെന്നി ചെറിയാന്‍. 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തംഗത്തിന് നല്‍കുന്ന രാംവിലാസ് പുരസ്‌കാരം നേടുകയും ചെയ്തു. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ നല്‍കിയ യാത്രയയപ്പിലാണ് ബെന്നി ചെറിയാന് സ്വര്‍ണമോതിരം നല്‍കിയത്.

ബെന്നി ചെറിയാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഏത് വിഷയത്തിലും കൂടെ നിന്നെന്നും അതിന്റെ സന്തോഷത്തിലാണ് സമ്മാനം നല്‍കിയതെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

To advertise here,contact us