കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മയുടെ ആദ്യത്തെ മൊഴി

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്.

തുടക്കം മുതല്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റില്‍ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്.

തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ ആമിസ് അലനായിരുന്നു മരിച്ചത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlights- Death of three month old baby in kannur become murder says police

To advertise here,contact us