തിരുവനന്തപുരം: കേരളത്തില് വോട്ടര്പട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആര്)വുമായി ബന്ധപ്പെട്ട പ്രക്രിയകള് ആരംഭിച്ചുകഴിഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രത്തന് ഖേല്ക്കര്. ജനങ്ങളുടെ ഭാഗത്തുനിന്നും എല്ലാ സഹായവും സഹകരണവും ലഭിക്കുന്നുണ്ടെന്നും ചിലര് അപ്പോള് തന്നെ എന്യൂമറേഷന് ഫോമുകള് പൂരിപ്പിച്ച് നല്കുകയാണെന്നും രത്തന് ഖേല്ക്കര് പറഞ്ഞു. ഒരു മാസം സമയമുണ്ടെന്നും ഇരുപത് ദിവസത്തിനകം തന്നെ മുഴുവന് ഫോമും വിതരണം ചെയ്യാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ വോട്ടര് പട്ടിക ഉണ്ടാകണമെന്നത് എല്ലാവരുടെയും ലക്ഷ്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രത്തന് ഖേല്ക്കര് വ്യക്തമാക്കി. 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അര്ഹതപ്പെട്ട എല്ലാവരും ലിസ്റ്റില് ഉണ്ടാകും. രാഷ്ട്രീയ പാര്ട്ടികള് ഉള്പ്പെടെ എല്ലാവരുടെയും സഹകരണം ഉണ്ടാകും എന്നാണ് പ്രതീക്ഷ. എല്ലാ ശനിയാഴ്ച്ചയും രാഷ്ട്രീയപാര്ട്ടികളുമായി യോഗം ചേരും. എന്തെങ്കിലും നിര്ദേശങ്ങള് ഉണ്ടെങ്കില് അവര്ക്ക് അത് മുന്നോട്ടുവയ്ക്കാം': രത്തന് ഖേല്ക്കര് പറഞ്ഞു. 2002-ലെ വോട്ടര് പട്ടികയുടെ പകര്പ്പ് രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എസ്ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിഹാർ എസ്ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
Content Highlights:The names of those eligible will be on the list: Ratan Khelkar asks political parties to cooperate