തിരുവനന്തപുരം: വർക്കലയിൽ പെണ്കുട്ടിയെ ട്രെയിനില് നിന്ന് തള്ളിയിട്ട സംഭവത്തില് നിര്ണായക സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചു. ശ്രീക്കുട്ടിയെ പ്രതി ചവിട്ടി ഇടുന്നത് ദൃശ്യങ്ങളില് കാണാം. ദൃശ്യങ്ങള് ആര്പിഎഫ് പൊലീസിന് കൈമാറി. സുഹൃത്തായ പെണ്കുട്ടിയെ ഉപദ്രവിക്കാനും ശ്രമമുണ്ടായി. പ്രതിക്കെതിരായ നിര്ണായക തെളിവുകളാണിവ.
പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാർ പെൺകുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെൺകുട്ടികൾ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനിൽ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാൻഡിൽ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയിൽവേ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വർക്കല അയന്തി മേൽപ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽനിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 19കാരി. തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
ശ്രീകുട്ടിയെ ഇന്ന് രാവിലെ മെഡിക്കൽ സംഘം പരിശോധിച്ചതിന് പിന്നാലെയാണ് നിലവിൽ നൽകുന്ന ചികിത്സ തുടരാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഇക്കാര്യം പെൺകുട്ടിയുടെ കുടുംബത്തെ ഡോക്ടർമാർ അറിയിച്ചു. ചികിത്സയെപ്പറ്റി പരാതി പറഞ്ഞ അമ്മ പ്രിയദർശിനിയ്ക്ക് ഉൾപ്പെടെ പെൺകുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
Content Highlights: Police have CCTV footage in the incident where a girl was pushed off a train in Varkala