വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി

കിഫ്ബി രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങൾ വേണമെന്ന് പരസ്യമായി പ്രഖ്യാപിച്ച നാരായണ ഗുരുവിന്റെ നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'കിഫ്ബിയെ കുറിച്ച് എല്ലാവർക്കും നല്ല ധാരണയുണ്ട്. കിഫ്ബിയുടെ പ്രസക്തിയാണ് ഗൗരവമായി ആലോചിക്കേണ്ടത്. പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അടിച്ചേൽപ്പിക്കപ്പെട്ട അനാചാരങ്ങൾ പലതും നിലനിന്നു. ഇന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഒരു കാലത്ത് ഇത് പാടില്ലായിരുന്നു. മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലായിരുന്നു. സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു. ഇതെല്ലാം അടിച്ചേൽപ്പിച്ച ഒരു സാമൂഹിക വ്യവസ്ഥ ഉണ്ടായിരുന്നു. വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണ്', മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്കരണ നിയമം സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. കേരള മോഡൽ എന്ന വിശേഷണം മറ്റുള്ളവർ ചാർത്തി തരുമ്പോൾ നമ്മൾ സ്തംഭിച്ചു. ദശാബ്ദങ്ങൾ കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കിയത്. നമ്മുടെ ഖജനാവിന് അത്രത്തോളം ശേഷിയില്ലായിരുന്നു. വിഭവ ശേഷിക്ക് അനുസരിച്ചാണ് അതത് കാലത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. പ്രവാസികളാണ് നമ്മുടെ ബലം. എല്ലാ മേഖലയിലും വികസനം കൊണ്ടുവരികയായിരുന്നു കിഫ്ബിയുടെ ഉദ്ദേശം. കിഫ്ബിയെ പുനർജീവിപ്പിച്ചാൽ സാമ്പത്തിക സ്രോതസ് ആകുമെന്ന് കരുതി. 2016-ൽ കിഫ്ബിയെ ഉയർത്തിക്കൊണ്ട് വന്നു. വേർതിരിവില്ലാതെ കിഫ്ബി പണം വികസനത്തിനായി ഉപയോഗിച്ചു. ഒരുകാലത്തും സംഭവിക്കില്ല എന്ന് കരുതിയ വികസനകൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍ത്തു.

Content Highlights: pinarayi vijayan says kerala transformed into humanitarian state

To advertise here,contact us