നിങ്ങളെ സേവിക്കാൻ ഞാൻ ഉണ്ടെന്നാണ് മോദി പറഞ്ഞത്:സിറോ മലബാർ സഭ- മോദി കൂടിക്കാഴ്ച്ചയെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ ഒപ്പം ഉണ്ടായിരുന്നതില്‍ അസ്വഭാവികതയില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിങ്ങളെ സേവിക്കാന്‍ ഞാനുണ്ട് എന്നാണ് മോദി സിറോ മലബാര്‍ സഭ പ്രതിനിധികളോട് പറഞ്ഞതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ പ്രധാനമന്ത്രിക്ക് കത്തുനല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് സഭയുടെ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഫരീദാബാദിനെ അതിരൂപതയാക്കി ഉയര്‍ത്തിയതിന് ശേഷമുളള സൗഹൃദ സന്ദര്‍ശനം എന്നാണ് സഭാ നേതൃത്വം കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്.

അടുത്തിടെ ചത്തീസ്ഗഡില്‍ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും പരിവര്‍ത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിറോ മലബാര്‍ സഭ ഉന്നയിച്ചത്. വര്‍ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണിതെന്നും ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിറോ മലബാര്‍ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടന്നത്.

Content Highlights: Modi said I am here to serve you: Rajiv Chandrasekhar on Syro Malabar Church-Modi meeting

To advertise here,contact us