തിരുവനന്തപുരം: കേരളത്തിന് എസ്എസ്കെ ഫണ്ട് ലഭിച്ചു. ആദ്യ ഗഡുവായ 92.41 കോടി രൂപ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ആദ്യ ഗഡു ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണ് അനുവദിച്ചത്. കേരളം സമർപ്പിച്ച 109 കോടിയിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി 17 കോടിയാണ് ലഭിക്കാനുള്ളത്.
തടഞ്ഞുവെച്ച ഫണ്ട് നല്കുമെന്ന് കേന്ദ്ര സര്ക്കാരിന് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയില് ഉറപ്പ് നല്കിയിരുന്നു. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്ര സര്ക്കാര് ഇന്ന് നിര്ണ്ണായക നിലപാടറിയിച്ചത്. പിഎം ശ്രീ പദ്ധതിയില് നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് കേന്ദ്ര സര്ക്കാര് സുപ്രധാന നിലപാടെടുത്തതെന്നതും ശ്രദ്ധേയമാണ്.
സ്പെഷ്യല് അധ്യാപകരുടെ സ്ഥിരം നിയമനം നടത്താനാകാത്തത് കേന്ദ്ര സര്ക്കാര് ഫണ്ട് തടഞ്ഞുവെച്ചത് കാരണമാണെന്ന് കേരളം നേരത്തെ സുപ്രീംകോടതിയില് നിലപാടെടുത്തിരുന്നു. സ്പെഷ്യല് അധ്യാപകരെ സ്ഥിരപ്പെടുത്താന് ആവശ്യമായ നടപടി സമയ ബന്ധിതമായി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് സുപ്രീംകോടതി നിര്ദ്ദേശം നല്കി. ഭിന്നശേഷിക്കാരായ വിദ്യാര്ത്ഥികളുടെ പരിശീലനത്തിന് സ്പെഷ്യൽ അധ്യാപകര് സംസ്ഥാനത്ത് ആവശ്യമുണ്ട്.
അതിന് ഫണ്ട് അനിവാര്യമാണെന്നും നിയമന നടപടികള് നടത്താതിരിക്കാനാവില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. നിയമന നടപടികള് സംബന്ധിച്ച നടപടിക്രമങ്ങള് ജനുവരി 31നകം അറിയിക്കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്ക്കാരിന് നിര്ദ്ദേശം നല്കിയിരുന്നു. ജസ്റ്റിസുമാരായ ദിപാങ്കര് ദത്ത, അഗസ്റ്റിന് ജോര്ജ്ജ് മാസി എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റേതായിരുന്നു നടപടി.
Content Highlights: Kerala gets SSK funds from central govt