ബാലമുരുകൻ ചാടിപ്പോയത് കേരള പൊലീസിനെ അറിയിക്കാൻ വൈകി; വിവരമറിഞ്ഞത് ഒരുമണിക്കൂറിന് ശേഷം

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്

തൃശൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാൻ വൈകി. ബാലമുരുകൻ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാൾ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടത്. എന്നാൽ വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയായ ബാലമുരുകനെ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെ ജയിലിനടുത്ത് വെച്ച് ഇയാൾ മൂത്രമൊഴിക്കാനുണ്ടെന്ന് പറഞ്ഞതോടെ വാഹനം നിർത്തി. വിലങ്ങ് അഴിച്ച് നൽകിതോടെ ഇയാൾ തൊട്ടടുത്തുള്ള മതിൽ ചാടി രക്ഷപ്പെട്ടുവെന്നാണ് വിവരം.

പൊലീസിന്റെ തിരച്ചിലിൽ പുലർച്ചെ മൂന്ന് മണിക്ക് പ്രദേശത്ത് ഇയാളെ കണ്ടിരുന്നു. എന്നാൽ തലനാരിഴയ്ക്ക് ഇയാൾ രക്ഷപ്പെട്ടു. കഴിഞ്ഞ മെയിൽ തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽനിന്ന് ഇയാൾ സമാനരീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ.

Content Highlights: Balamurugan's escape from police custody was reported to authorities late

To advertise here,contact us