തിരുവനന്തപുരം: വര്ക്കല ട്രെയിന് ആക്രമണത്തിലെ പ്രതി സുരേഷ് കുമാര് സ്ഥിരം മദ്യപാനിയെന്ന് ബന്ധു. മദ്യപിച്ച് വീട്ടില് സ്ഥിരം പ്രശ്നങ്ങള് ഉണ്ടാക്കിയിരുന്നയാളാണെന്ന് ബന്ധു പറഞ്ഞു. ഇയാള് നിരന്തരം ഭാര്യയെ മര്ദിക്കാറുണ്ടെന്നും മര്ദ്ദനം സഹിക്ക വയ്യാതെ ഭാര്യ വീട്ടില് നിന്ന് ഇറങ്ങിയിരുന്നുവെന്നുമാണ് വിവരം. എട്ടാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന സുരേഷിന്റെ രണ്ട് മക്കള് താമസിക്കുന്നത് സഹോദരന്റെ വീട്ടിലാണ്.
ജോലി സംബന്ധമായ ആവശ്യത്തിനാണ് സുരേഷ് കോട്ടയത്തേക്ക് പോയതെന്നാണ് വിവരം. പെയിന്റിംഗ് പണിക്കുള്ള സൈറ്റ് നോക്കാന് മറ്റ് തൊഴിലാളികള്ക്ക് ഒപ്പമുള്ള യാത്രയിലായിരുന്നു യുവതിക്കെതിരായ അതിക്രമം. എന്നാല് ആക്രമണ സമയം ബാക്കിയുള്ളവര് ഉറക്കത്തിലായിരുന്നു. സുരേഷ് കുമാര് മുന് പോക്കറ്റ് അടിക്കാരനെന്ന വിവരവും ലഭിക്കുന്നുണ്ട്.
അതേസമയം ഇയാള്ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. റെയില്വേ പൊലീസാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്ക്കെതിരെ ചുമത്തും. ഉച്ചയോടെ കോടതിയില് ഹാജരാക്കുന്നതായിരിക്കും. പെണ്കുട്ടിയെ ദേഷ്യത്തില് ചവിട്ടിയതാണെന്ന പ്രതിയുടെ മൊഴി റിപ്പോര്ട്ടറിന് ലഭിച്ചു. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന് ആവശ്യപ്പെട്ടിട്ടും പെണ്കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്കുട്ടികളെ മുന്പരിചയമില്ലെന്നും സുരേഷ് കുമാര് പൊലീസിനോട് പറഞ്ഞു.
അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവില് തുടരുകയാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസില് യാത്ര ചെയ്യവെയാണ് പ്രതി പെണ്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വര്ക്കല സ്റ്റേഷനില് നിന്നും രണ്ട് കിലോമീറ്റര് ദൂരം മാറി അയന്തി മേല്പ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40ന് ജനറല് കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പെണ്കുട്ടികള് ശുചിമുറിയില് പോയിവരുമ്പോള് വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. കൂടെയുള്ള പെണ്കുട്ടിയെയും ഇയാള് ആക്രമിക്കാന് ശ്രമിച്ചിരുന്നു.
Content Highlights: Varkala train incident accused Suresh is a constant troublemaker