ഇനി കേരളത്തിലേക്ക് ഇല്ല; മൂന്നാറിൽ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് മുംബൈ സ്വദേശിനി;കേസെടുത്ത് പൊലീസ്

മുംബൈ സ്വദേശിനി ജാൻവിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്

ഇടുക്കി: മൂന്നാറിൽ വെച്ച് ടാക്സി ഡ്രൈവർമാരിൽ നിന്നും ദുരനുഭവം നേരിട്ടതായി മുംബൈ സ്വദേശിനി. ഊബർ വാഹനം വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. മുംബൈ സ്വദേശിനി ജാൻവിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. ജാൻവി മുംബൈയിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് യുവതി മൂന്നാറിലെത്തിയത്. കേരളത്തിൽ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവർ മര്യാദയോടെയാണ് പെരുമാറിയത്. മൂന്നാറിൽ എത്തി യാത്രചെയ്യാനായി ഊബർ ടാക്സി വിളിച്ചു. എന്നാൽ മൂന്നാറിലെ ഡ്രൈവർമാർ ശ്രമം തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Feeling shy to say I am a malayali 😔.Communism and their bldy rules are making life pathetic.Travelers are fed up with the insulting action of Communist trade union. @KeralaTourism pic.twitter.com/6v3MXm011u

സംഭവ സ്ഥലത്ത് പൊലീസ് എത്തിയെന്നും ഡ്രൈവർമാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചുതെന്നും ജാൻവി വീഡിയോയിൽ പറയുന്നുണ്ട്. പൊലീസുകാർ ഡ്രൈവർമാരോട് മാത്രമാണ് സംസാരിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് ആരും ചോദിച്ചില്ല. കേരള ടൂറിസവുമായി ബന്ധപ്പെട്ടിരുന്നു. ഊബറിലോ ഓലയിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് അവരും അറിയിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തിയ ആളുകളോടൊപ്പം തന്നെയാണ് പിന്നീട് സഞ്ചരിച്ചത്. ഇത്തരത്തിലുളള മോശം അനുഭവമുണ്ടായതിനെ തുടർന്ന് ഇനി കേരളത്തിലേക്ക് വരില്ലെന്നും പറഞ്ഞു കൊണ്ടാണ് ജാൻവി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

To advertise here,contact us