ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. മഹസറില്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളി ചെമ്പാണെന്ന് എഴുതിയത് അന്ന് തിരുവാഭരണം കമ്മീഷണര്‍മാരായിരുന്ന എന്‍ വാസുവും കെ എസ് ബൈജുവും പറഞ്ഞിട്ടാണെന്നായിരുന്നു സുധീഷ് കുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്തത്. വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വരണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാസുവിനെ വിട്ടയച്ചു. കെ എസ് ബൈജുവിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.

സ്വര്‍ണമോഷണം നടന്ന 2019 കാലഘട്ടത്തില്‍ എന്‍ വാസുവും ബൈജുവുമായിരുന്നു തിരുവാഭരണം കമ്മീഷണര്‍മാര്‍. എ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഈ കാലഘട്ടത്തില്‍ സുധീഷ് കുമാര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ്. 2019 ഡിസംബറില്‍ പത്മകുമാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത് എന്‍ വാസു ആയിരുന്നു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ സുധീഷ് കുമാര്‍ വീണ്ടും ദേവസ്വം ബോര്‍ഡിലെത്തി. എന്‍ വാസുവിന്റെ പി എ ആയായിരുന്നു നിയമനം നല്‍കിയത്.

എന്‍ വാസു അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് സുധീഷ് കുമാര്‍ എസ്‌ഐടിക്ക് വിശദമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്ന് സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്. മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ഓരോ ഘട്ടത്തിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. രേഖകള്‍ അപ്പോള്‍ തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരും ചെമ്പ് പാളികള്‍ എന്ന് എഴുതിയത് തിരുത്തുകയോ എതിര്‍ക്കുകയോ ചെയ്തില്ലെന്നും സുധീഷ് കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇന്നലെയായിരുന്നു സുധീഷ് കുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. മൊഴി വിശദമായി പരിശോധിച്ച ശേഷം സുധീഷ് കുമാറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സുധീഷ് കുമാര്‍. നവംബര്‍ ഒന്നിനായിരുന്നു സുധീഷ് കുമാറിന്റെ അറസ്റ്റ്.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പല തവണ പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. വിശദമായ അന്വേഷണത്തിന്റെയും തെിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പിന്നീട് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. ഇതാണ് പിന്നീട് സുധീഷ് കുമാറിലേക്കും നീണ്ടത്.

Content Highlights- N Vasu questioned by investigation team on sabarimala gold theft case

To advertise here,contact us