തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്ര ധൈര്യത്തില് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചതെന്ന് മന്ത്രി വി ശിവന്കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പില് പലയിടത്തും യുഡിഎഫും ബിജെപിയും ധാരണാചര്ച്ചകള് നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ഡിഎഫ് തദ്ദേശ തെരഞ്ഞടുപ്പില് കഴിഞ്ഞ വര്ഷത്തേതിനേക്കാള് അത്യുജ്ജ്വലമായ വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. ശബരീനാഥന് അല്ല മുതിര്ന്ന നേതാക്കളായ രമേശ് ചെന്നിത്തലയോ വി ഡി സതീശനോ മത്സരിച്ചാല് പോലും തലസ്ഥാനത്ത് യുഡിഎഫിന് വിജയിക്കാന് സാധിക്കില്ലെന്നും ശിവന്കുട്ടി പറഞ്ഞു.
'ബിജെപിയും യുഡിഎഫും തമ്മില് ഒരു ധാരണ ഉണ്ടായിക്കാണും. അല്ലെങ്കില് ഇത്ര ധൈര്യത്തോടെ മത്സരിക്കാന് യുഡിഎഫ് തയ്യാറാകില്ല. ധാരണയുടെ ഫലമായാണ് ആദ്യമേ സീറ്റുകള് പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില് പലയിടത്തും യുഡിഎഫും ബിജെപിയും ധാരണാചര്ച്ചകള് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല് എല്ഡിഎഫ് തദ്ദേശ തെരഞ്ഞടുപ്പില് കഴിഞ്ഞ വര്ഷത്തേതിനേക്കാള് അത്യുജ്ജ്വലമായ വിജയം നേടുമെന്നതില് സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് നടത്തികൊണ്ടിരിക്കുന്ന വികസന പ്രവര്ത്തനം തന്നെയാണ് പ്രധാനപ്പെട്ട കാര്യം', വി ശിവന്കുട്ടി പറഞ്ഞു.
'കോണ്ഗ്രസിന് കഴിഞ്ഞ വര്ഷം കിട്ടിയതിനേക്കാള് കുറഞ്ഞ സീറ്റ് മാത്രമെ കിട്ടാന് സാധ്യതയുള്ളൂ. ശബരീനാഥനല്ല രമേശ് ചെന്നിത്തലയോ വി ഡി സതീശനോ മത്സരിച്ചാലും തലസ്ഥാന നഗരത്തില് എല്ഡിഎഫ് കൂടുതല് സീറ്റോടെ അധികാരത്തില് വരും. ദയനീയ സ്ഥിതിയായിരിക്കും യുഡിഎഫിന് നഗരസഭയിലുണ്ടാവുക', ശിവന്കുട്ടി പറഞ്ഞു.
ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില് കേന്ദ്രസര്ക്കാര് ശ്രദ്ധ കാണിക്കില്ലെന്നും ശിവന്കുട്ടി വിമര്ശിച്ചു. കേരളത്തിലുള്ള എല്ഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില് ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Even Satheesan or Ramesh Chennithala contests LDF will win in Thiruvananthapuram said sivankutty