കണ്ണൂർ യൂത്ത് കോണ്‍ഗ്രസിൽ പോസ്റ്റർ പോര്; പ്രവർത്തക കണ്‍വെൻഷൻ പോസ്റ്ററിൽ വർക്കിംഗ് പ്രസിഡന്‍റിന്‍റെ ചിത്രമില്ല

ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് നേതാക്കള്‍ തമ്മിലടിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പോസ്റ്ററിനെ ചൊല്ലി പോര്. പ്രവര്‍ത്തക കണ്‍വെന്‍ഷന്റെ പോസ്റ്ററില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ചിത്രം ഉള്‍പ്പെടുത്താത്തതിലാണ് പ്രതിഷേധം. പോസ്റ്ററില്‍ സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിന്റെയും ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹന്റേയും ചിത്രം ഉണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് നേതാക്കള്‍ തമ്മിലടിച്ചത്. തുടര്‍ന്ന് ബിനു ചുള്ളിയിലിന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പതിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഒ ജെ ജനീഷാണ് ഉദ്ഘാടകന്‍. ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് വിജില്‍ മോഹന്റെയും ഒ ജെ ജനീഷിന്റെയും ചിത്രം ഉള്‍പ്പെടുത്തിയത്.

എന്നാൽ ഡിസിസി ഓഫീസിന് മുന്നില്‍ പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഒ ജെ ജനീഷിനും വിജിലിനുമൊപ്പം ബിനു ചുള്ളിയിലിന്റെ ചിത്രംകൂടി ഉള്‍പ്പെടുത്തിയായിരുന്നു ഈ പോസ്റ്റര്‍.

Content Highlights: Poster Conflict in kannur youth Congress

To advertise here,contact us