കേരളത്തെ ലോകം ശ്രദ്ധിച്ചപ്പോള്‍ അത് സഹിക്കുന്നില്ല: വി ഡി സതീശനെതിരെ എം വി ഗോവിന്ദന്‍

അതിദാരിദ്ര്യം അവസാനിപ്പിച്ച ലോകത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും പ്രതിപക്ഷ നേതാവിന് എന്ത് കളവും പറയാന്‍ മടിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനം ഇന്നലെയാണ് ദാരിദ്ര മുക്തമാക്കിയത് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും എല്ലാ കോര്‍പ്പറേഷനും പഞ്ചായത്തും ജില്ലയും അതിദാരിദ്ര മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ ലോകം ശ്രദ്ധിച്ചപ്പോള്‍ അത് വി ഡി സതീശന് സഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇതിനെ വമ്പന്‍ തട്ടിപ്പെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാ കോര്‍പ്പറേഷനും പഞ്ചായത്തും ജില്ലയും അതി ദാരിദ്ര മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഈ വി ഡി സതീശന്‍ എവിടെയായിരുന്നു? അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി ഞാനായിരുന്നു. നാലര കൊല്ലമായി ഇത് തുടങ്ങിയിട്ട്. അന്നൊന്നും ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തെ ലോകം ശ്രദ്ധിച്ചപ്പോള്‍ അത് സഹിക്കുന്നില്ല. അതുകൊണ്ടാണ് സതീശനുള്‍പ്പെടെ ഉളളവര്‍ വമ്പന്‍ തട്ടിപ്പ് എന്ന് പറയുന്നത്. പ്രതിപക്ഷ നേതാവിന് എന്ത് കളവും പറയാന്‍ മടിയില്ല. അതിദാരിദ്ര്യം അവസാനിപ്പിച്ച ലോകത്തെ ഏക സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ നിലപാട് സ്വീകരിച്ച് നടപ്പാക്കിയ ബദല്‍ നടമാണ് കേരളം. കമ്മ്യൂണിസ്റ്റ് വിരുദ്ധ അന്ധതയില്‍ എന്തും എഴുതാമെന്ന് കരുതുകയാണ്. ശുദ്ധ അസംബന്ധമാണ് എഴുന്നളളിക്കുന്നത്. ഇതൊന്നും ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല': എം വി ഗോവിന്ദന്‍ പറഞ്ഞു.

വി ഡി സതീശന്റെ നാടാണ് എറണാകുളമെന്നും എറണാകുളം ജില്ല അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനി എല്‍ഡിഎഫ് സര്‍ക്കാര്‍ ദാരിദ്ര്യം അവസാനിപ്പിക്കുമെന്നും അതാണ് മന്ത്രിസഭ കഴിഞ്ഞ് ഉണ്ടായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ആനൂകുല്യങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കിയ സംവിധാനം മറ്റൊന്ന് കാണിക്കാന്‍ കഴിയില്ലെന്നും വെപ്രാളം പിടിച്ച പ്രതിപക്ഷത്തിന് ഇതിനെ എങ്ങനെ നേരിടമെന്ന് അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഒരിക്കല്‍ രാജ്യം സന്ദര്‍ശിക്കാന്‍ ട്രംപ് വന്നു. 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് ഡല്‍ഹി മാത്രമല്ല ഗുജറാത്തും കാണാന്‍ പോയി. അവിടത്തെ ചേരി മുഴുവന്‍ മതിലുകെട്ടി മറച്ചു. അതിദാരിദ്ര്യം കാണാതിരിക്കാന്‍ 100 കോടി ചിലവാക്കി. മോദി ചെയ്തതുപോലെ മറയൊന്നും കേരളാ സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഈ കൊളളരുതായ്മയുടെ സ്ഥിതിയല്ല കേരളത്തില്‍. കേരളത്തില്‍ ഏത് നാട്ടിലും എവിടെയും ആളുകള്‍ക്ക് പോകാം. വി ഡി സതീശനും ചിന്തകര്‍ക്കും പോകാം. സര്‍ക്കാര്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. ചൂണ്ടിക്കാണിക്കുന്ന അതിദാരിദ്രര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും': എം വി ഗോവിന്ദന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതിരുന്നത് വീഴ്ച്ചയാണെന്നും അത് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: MV Govindan against VD Satheesan for criticising extreme poverty free state announcement

To advertise here,contact us