ശബരിയും വീണയും അടക്കം യുവമുഖങ്ങള്‍ മത്സരിക്കും;മുരളീധരൻ നയിക്കും;തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ്

കവടിയാര്‍ ഡിവിഷനില്‍ നിന്നും ശബരീനാഥനെ മത്സരിപ്പിക്കാനാണ് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ശബരീനാഥൻ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനില്‍ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.

പരമാവധി യുവാക്കള്‍ക്ക് സീറ്റ് നല്‍കിയാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ശബരീനാഥൻ, വീണ എസ് നായര്‍ ഉള്‍പ്പെടെയുള്ളവരെ മത്സരിപ്പിക്കുക വഴി യുവാക്കളെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ കൂടിയാണ് നേതൃത്വം. കെ മുരളീധരനാവും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.

തിങ്കളാഴ്ചയാണ് കെ മുരളീധരന്‍ നയിക്കുന്ന വാഹനപ്രചാരണ ജാഥ. മുഴുവന്‍ വാര്‍ഡുകളിലൂടെയും കടന്നുപോകുന്ന ജാഥയില്‍ എല്ലായിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കോര്‍പ്പറേഷനില്‍ 51 സീറ്റുകള്‍ എല്‍ഡിഎഫിന്റേതാണ്. ബിജെപിക്ക് 34 അംഗങ്ങളും 10 ഇടത്ത് കോണ്‍ഗ്രസ് അംഗങ്ങളുമാണ് വിജയിച്ചത്. എട്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ ഘടകക്ഷികള്‍ക്കുമാണ്.

Content Highlights: K S Sabarinathan will Contest in thiruvananthapuram corporation

To advertise here,contact us