'പ്രകോപനമൊന്നുമില്ല, എന്നെയുംഉപദ്രവിക്കാൻ ശ്രമിച്ചു'; യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ സഹയാത്രിക

തങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത് വരുമ്പോളായിരുന്നു യുവതിയെ ഇയാള്‍ ചവിട്ടി തള്ളിയിട്ടതെന്നും സഹയാത്രിക

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി സഹയാത്രിക. പ്രതി സുരേഷ് കുമാര്‍ യുവതിയെ ട്രെയിനില്‍ നിന്നും ചവിട്ടി തള്ളിയിടുകയായിരുന്നതായി സഹയാത്രിക പറഞ്ഞു. തങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത് വരുമ്പോളായിരുന്നു യുവതിയെ ഇയാള്‍ ചവിട്ടി തള്ളിയിട്ടതെന്നും സഹയാത്രിക കൂട്ടിച്ചേര്‍ത്തു. ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.

'എന്നെയും തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബാത്ത് റൂമില്‍ നിന്ന് തിരിച്ച് ഇറങ്ങുമ്പോളായിരുന്നു തള്ളിയിട്ടത്. എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച ശേഷം തള്ളിയിടാന്‍ നോക്കി. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല.' സഹയാത്രിക കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാത്രി എട്ട് മണിയോടെ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. കേരള എക്‌സ്പ്രസില്‍ നിന്നാണ് 19കാരിയെ പ്രതി തള്ളിയിട്ടത്. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ യുവതിയുടെ സഹയാത്രികനാണെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിലുള്ളവര്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്.

യുവതിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നാണ് നിഗമനം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി കമ്പാര്‍ട്മെന്റിലുണ്ടായിരുന്നവരും വ്യക്തമാക്കിയിട്ടുണ്ട്. 20 ഓളം പേര്‍ ജനറല്‍ കമ്പാര്‍ട്മെന്റിലുണ്ടായിരിക്കവേയാണ് സംഭവം. തള്ളിയിട്ടതിന് പിന്നാലെ ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമാണ്. ട്രെയിനില്‍ നിന്ന് വീണയുടന്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അതീവ നിലയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആലുവയില്‍ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം.

Content Highlight; Fellow passenger reacts to shocking incident of woman being pushed off train

To advertise here,contact us