ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയതായി പരാതി

2024 ഡിസംബര്‍ മുതല്‍ 11 മാസത്തെ ഭക്ഷ്യക്കൂപ്പണ്‍ കോൺഗ്രസ് കൗണ്‍സിലര്‍ തട്ടിയെന്നാണ് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയതായി പരാതി. ചേര്‍ത്തല നഗരസഭാ കൗണ്‍സിലര്‍ എം എം സാജുവിനെതിരെയാണ് ഗുണഭോക്താവ് പരാതി നല്‍കിയത്. ഗുണഭോക്താവിന്റെ പരാതി നഗരസഭാ സെക്രട്ടറി പൊലീസിന് കൈമാറി.

കേരളം അതിദരിദ്രമുക്ത സംസ്ഥാനമെന്ന അംഗീകാരത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെന്ന പരാതി ഉയരുന്നത്. ചേര്‍ത്തല നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലെ കൗണ്‍സിലറാണ് എം എം സാജു. സി വി ആനന്ദകുമാര്‍ എന്ന ഗുണഭോക്താവാണ് പരാതി നല്‍കിയത്. 2024 ഡിസംബര്‍ മുതല്‍ 11 മാസത്തെ ഭക്ഷ്യക്കൂപ്പണ്‍ സാജു തട്ടിയെന്നാണ് പരാതി.

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സി വി ആനന്ദകുമാറിന് സിവില്‍ സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എല്ലാ മാസവും 500 രൂപയുടെ കൂപ്പണായിരുന്നു നഗരസഭ കൗണ്‍സിലറെ ഏല്‍പ്പിച്ചത്. ഇത് വാര്‍ഡിലെ കഷ്ടത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് സാജുവിന്റെ വിശദീകരണം. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഗുണഭോക്താവിന്റെ പരാതി നഗരസഭ പൊലീസിന് കൈമാറി. ഇതേ വാര്‍ഡിലെ മറ്റൊരു സ്ത്രീയുടെ ഭക്ഷ്യക്കൂപ്പണും സാജു തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights- Man filed complaint against congress councillor over fraud case in alappuzha

To advertise here,contact us